ആശ്വാസതീരം തൊട്ടു; പിന്നാലെ പ്രസവം; മാതൃദിനത്തിൽ ഇരട്ടിമധുരം

മാലദ്വീപിൽനിന്ന് നാവികസേനാ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃദിനത്തിൽ കപ്പലേറിയെത്തിയ അമ്മയും മകനും സുഖമായിരിക്കുന്നു.

കൊച്ചി തുറമുഖത്ത് പടക്കപ്പലിറങ്ങിയ സോണിയയുടെ ദൃശ്യമാണിത്. ആരോഗ്യ പ്രവർത്തകരുടെ പരിശോധനയും എമിഗ്രേഷൻ നടപടിയുമെല്ലാം പൂർത്തിയാക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. നാലുതവണ സോണിയക്ക് ഗർഭം അലസിപ്പോയിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ മാസം തികയാതെ ജനിച്ച കുട്ടി മരിച്ചിരുന്നു. ഡോക്ടറെ കാണാൻ ക്രമീകരണം ചെയ്തിട്ട് ഭർത്താവ് ഷിജോ പുറത്ത് കാത്തിരിപ്പുണ്ടായിരുന്നു. എമിഗ്രേഷൻ നടപടികൾക്കുശേഷമുള്ള കാത്തിരിപ്പിനിടെ കുഞ്ഞിന് അനക്കം കുറവാണെന്ന് തോന്നി. ഇതോടെ സോണിയയുമായി അധികൃതർ മട്ടാഞ്ചേരി ആശുപത്രിയിലേക്ക് .

തുടർന്ന് കളമശ്ശേരിയിൽ കിൻഡർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകീട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 36 ആഴ്ചയായിരുന്നു പ്രായം. അതിനാൽ എൻ.ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തു. എന്തായാലും ലീവിന് നാട്ടിലെത്തിയ സോണിയയും നാട്ടിലുണ്ടായിരുന്ന ഷിജോയും ഒരേ മുറിയി ക്വാറന്റീനിൽ.