മൂവാറ്റുപുഴക്കാരന്‍ പി.ബി.സലീം ഐ.എ.എസ്. ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സെക്രട്ടറി പദവിയിലാണ് പി.ബി.സലീം. പശ്ചിമ ബംഗാളില്‍ കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രി മമത ബാനര്‍ജി രൂപികരിച്ച ക്യാബിനറ്റ് കമ്മിറ്റിയുെട ലെയ്സന്‍ ഓഫിസറാണ് സലിം. ഡപ്യൂട്ടേഷനില്‍ കോഴിക്കോട്ടെ കലക്ടറായെത്തി കയ്യടി വാങ്ങിയ ഉദ്യോഗസ്ഥന്‍. മാറാട് സമാധാനം പുലര്‍ത്താനും കോഴിക്കോടിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ഉള്‍പ്പെടെ ഒട്ടേറെ ജനകീയ കാര്യങ്ങള്‍ സലീമിന്റെ വകയായിട്ടുണ്ട്. കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ ബംഗാളില്‍ എത്തിക്കാന്‍ മുന്‍കയ്യെടുത്തു.
അതിഥി തൊഴിലാളികള്‍ കൊല്‍ക്കത്തയില്‍ ട്രെയിനിറങ്ങുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഈ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. കോഴിക്കോട്ടെ കലക്ടര്‍ പദവിയില്‍ മിന്നിത്തിളങ്ങിയപ്പോള്‍ കേരള സര്‍ക്കാര്‍ ഡപ്യൂട്ടേഷന്‍ നീട്ടാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ, മമത ബാനര്‍ജിയുടെ ഗുഡ്ബുക്കില്‍ ഇടംനേടിയ ഈ ഉദ്യോഗസ്ഥനെ തിരിച്ചുവേണമെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ്, ഡപ്യൂട്ടേഷന്‍ മതിയാക്കി സലിം കേരളം വിട്ടത്.
രണ്ടാം തവണ മിഠായി തെരുവിന് തീപിടിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയ കലക്ടര്‍. ജനമനസിനൊപ്പം എന്നും നിന്ന ഉദ്യോഗസ്ഥന്‍. കോവിഡ് കാലത്ത് ഒട്ടേറെ പേര്‍ യാത്രാ സൗകര്യം തേടി സലീമിനെ വിളിച്ചു. അവരെയെല്ലാം നിറമനസോടെ സഹായിച്ചു. ഒറ്റപ്പെട്ടു പോയ 2400 വിദ്യാര്‍ഥികളെയാണ് പലയിടങ്ങളില്‍ നിന്നായി സ്വന്തം നാട്ടില്‍ എത്തിച്ചത്. കൊല്‍ക്കത്തയിലെ മാധ്യമങ്ങളും മലയാളിയുടെ ആത്മാര്‍ഥ സേവനത്തെ വാനോളം പുകഴ്ത്തിയിരുന്നു.
പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹിന്റെ സഹോദരനാണ് പി.ബി.സലിം. പശ്ചിമബംഗാളില്‍ തുടങ്ങിയ കോവിഡ് ഹെല്‍പ് ലൈന്‍ കേന്ദ്രത്തില്‍ പി.ബി.സലീമിന്റെ ശ്രദ്ധ എല്ലായ്പ്പോഴുമുണ്ട്. എല്ലാ കോളുകളും അറ്റന്‍ഡ് ചെയ്യാനും പരിഹാരം കണ്ടെത്താനും കീഴ്ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടുംബസമേതം കൊല്‍ക്കത്തയിലാണ് താമസം.