കാഞ്ഞങ്ങാട് ∙ തങ്ങളുടെ മക്കൾ അടുത്ത വീട്ടിൽ നോമ്പുതുറക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ മാതാപിതാക്കൾ. പ്രതീക്ഷകളെ നിഷ്ഫലമാക്കി നോമ്പുതുറയ്ക്ക് കാത്തു നിൽക്കാതെ ആ കുരുന്നു പൂക്കൾ ഈ ലോകം വിട്ടു പോയ വിവരം അവർ അറിഞ്ഞിരുന്നില്ല. ബാവാ നഗറിലെ ഒരു കുടുംബത്തിലെ 3 കുട്ടികളുടെ മരണമാണ് നാടിന്റെ തേങ്ങലായത്. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം നടത്തിയത്. മൂന്നു പേരുടെയും വീടുകൾ അടുത്തടുത്താണ്. അതിനാൽ തന്നെ മറ്റു വീടുകളിൽ മൂന്നു പേരും ഉണ്ടാകുമെന്ന് എല്ലാവരും കരുതി. കുട്ടികൾ എന്തിനാണ് ചതുപ്പിനടുത്തേക്ക് പോയതെന്ന് വ്യക്തമല്ല.
അരയോളം വെള്ളം മാത്രമേ ഇവിടെ ഉണ്ടാകുകയുള്ളുവെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മഹ്മൂദ് മുറിയനാവി പറയുന്നു. മൂന്നു വീടിന്റെയും അടുത്ത് നിന്ന് 100 മീറ്റർ അകലെയാണ് ചതുപ്പ്. വൈകുന്നേരം മഴ വന്നതും തിരിച്ചടിയായി. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ വന്നതോടെ എല്ലാവരും അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് മൂന്നു പേരെയും ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ആദ്യം കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലാണ് എത്തിച്ചത്. ലോക്ഡൗൺ കാരണം ആളുകൾ കൂടാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. വിവരമറിഞ്ഞ് നഗരസഭാധ്യക്ഷൻ വി.വി.രമേശനും ആശുപത്രിയിലെത്തി.
ഒരു കുടുംബത്തിലെ 3 കുട്ടികൾ മുങ്ങിമരിച്ചു
കാഞ്ഞങ്ങാട് ∙ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാവാ നഗറിലെ നുറുദ്ദീന്റെയും മഹ്റൂഫയുടെയും മകൻ മുഹമ്മദ് ബാഷിർ (4), ബന്ധു നാസറിന്റെയും താഹിറയുടെയും മകൻ അജ്നാസ് (6), നാസറിന്റെ സഹോദരൻ സാമിറിന്റെയും റസിയയുടെയും മകൻ മുഹമ്മദ് മിസ്ഹബ് (6) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് 100 മീറ്റർ അകലെയുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരും കളിക്കാനിറങ്ങിയതാണ്. ഇതിനിടെ വൈകിട്ട് മഴ പെയ്തു. ഈ സമയം കുട്ടികൾ സമീപ വീടുകളിൽ ഉണ്ടാകുമെന്നു കരുതി. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദുരന്തമറിയുന്നത്. അജ്നാസും മിസ്ഹബും കടപ്പുറം പിപിടിഎസ്എൽപി സ്കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്.