കോവിഡ് കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ നേരിടേണ്ടി വരുന്ന ദുരിതം ചില്ലറയല്ല. നിയന്ത്രണങ്ങളെല്ലാം മറികടന്ന് കടയിലെത്തിയാലും മണിക്കൂറുകൾ വരിനിൽക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ സഹായിക്കാൻ പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ കൂടി തയ്യാറായി.
കോവിഡ് ലോക്ഡൗൺ കാലത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന ഏതാണ്ടെല്ലാ കടയുടെ മുന്നിലും ഈ ക്യൂ കാണാം. ഉള്ളിൽ കൂട്ടംകൂടാൻ പാടില്ലന്ന നിയന്ത്രണം കാരണം പുറത്ത് പൊരിവെയിലിൽ നിൽക്കണം. ഇക്കാര്യത്തിൽ ആശ്വാസവുമായാണ് കൊച്ചിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് ഡെയ്ലി ബൈ എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്.
ഫോണിൽ ആപ് തുറന്നാൽ ഉടൻ തൊട്ടടുത്ത കടകൾ കാണിക്കും. വാട്സാപ്പിൽ എഴുതുംപോലെ വേണ്ട സാധനങ്ങളുടെ പട്ടിക കുറിച്ച്, അത് വയ്യങ്കിൽ കടലാസിൽ എഴുതി ഫോട്ടോയെടുത്ത് അയക്കുകയുമാകാം. ഉള്ള സാധനങ്ങൾ പായ്ക്ക് ചെയ്ത് റെഡിയാക്കിയാൽ കടയിൽ നിന്ന് നോട്ടിഫിക്കേഷൻ വരും. അപ്പോൾ പോയി എടുക്കാം.
ആപ്പിൽ ചേരുന്ന കടകൾക്ക് കാര്യങ്ങൾ എളുപ്പമാണ്. മറ്റു ചില ആപ്പുകളിലെ പോലെ കടയിലുള്ള എല്ലാത്തിന്റെയും പട്ടിക തയ്യാറാക്കി ചേർക്കണമെന്നില്ല. കടയുടെ പേരും അത്യാവശ്യം വിവരങ്ങളും കൊടുത്ത് ചേരാം. വാങ്ങാൻ എത്തുന്നയാളുമായി പണമിടപാട് നേരിട്ട് നടത്തുന്നതിനാൽ ആ വഴിക്കുള്ള ആശയക്കുഴപ്പങ്ങൾക്കും വകയില്ല.