മീൻമാർക്കറ്റുകളിൽ ആൾക്കുട്ടം; സാമൂഹിക അകലം പാലിക്കാനാകുന്നില്ല

കോഴിക്കോട് നഗരപരിധിയിലെ മത്സ്യവില നിയന്ത്രിക്കാനായെങ്കിലും മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാനാവുന്നില്ല. ഇതരസംസ്ഥാനത്ത്നിന്ന് ലോറിയിലെത്തിക്കുന്ന മീന്‍ മാര്‍ക്കറ്റുകളില്‍ ഇറക്കുന്ന സമയത്താണ് ആളുകള്‍ കൂട്ടമായിയെത്തുന്നത്.

രാവിലെ ഏഴ് മുതല്‍ പത്ത് വരെയാണ് വലിയ ജനക്കൂട്ടം മാര്‍ക്കറ്റിലുള്ളത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍‌ പ്രതിദിനം രണ്ട് ലോറികള്‍ക്ക് മാത്രമാണ് മത്സ്യം ഇറക്കാനുള്ള അനുമതിയുള്ളത്. ഈ സമയത്താണ് ചില്ലറ വില്‍പനക്കാര്‍ ലോറിക്ക് ചുറ്റം കൂടുന്നത്. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ, പൊലീസ് ഉദ്യോഗസ്ഥര്‍ പരാമവധി ശ്രമിച്ചാണ് കഴിഞ്ഞദിവസമുണ്ടായിരുന്ന തിരക്ക് ഈ രീതിയിലേക്ക് കുറച്ചത്. ഇരുപത്തിനാല് മണിക്കൂറും പരിശോധനയുമായി ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളിലുണ്ട്. ആശാസ്ത്രീയമായി മീന്‍ കൊണ്ടുവന്ന രണ്ട് ലോറികള്‍ക്കെതിരെ നടപടിയും എടുത്തു. 

ഇതരസംസ്ഥാനത്തുനിന്ന് ജില്ലയിലെത്തുന്ന മീന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിച്ചശേഷമാണ് വില്‍പനാനുമതി നല്‍കുന്നത്. മത്സ്യവില കോര്‍പറേഷനും നിശ്ചയിക്കും.