പുതുശ്ശേരി പഞ്ചായത്തിലെ അരിവിതരണം; പരാതിയുമായി കോണ്‍ഗ്രസും ബിജെപിയും

പാലക്കാട് പുതുശേരി പഞ്ചായത്തിലെ അരി വിതരണത്തില്‍ പരാതിയുമായി കോണ്‍ഗ്രസും ബിജെപിയും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം സമൂഹഅടുക്കളയിലേക്ക് നല്‍കിയ ഒരു ടണ്‍ അരി പഞ്ചായത്തിന്റെ കണക്കില്‍ ഉള്‍പ്പെട്ടില്ലെന്നാണ് ആക്ഷേപം. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണനാണ് കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥരില്‍ നിന്ന് ലോറിയില്‍ എത്തിച്ച ഒരു ടണ്‍ അരി ഏറ്റുവാങ്ങിയത്. സമൂഹഅടുക്കള പദ്ധതിയിലേക്ക് കമ്പനി അരി കൊടുത്തെന്ന് പത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. പക്ഷേ അരിക്കണക്ക് പഞ്ചായത്തിന്റെ രേഖകളില്‍ ഇല്ല. താന്‍ ആവശ്യപ്പെട്ടതു പ്രകാരം ലഭിച്ച അരി പഞ്ചായത്തിലെ സാധുക്കള്‍ക്ക് വിതരണം ചെയ്തെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.. സമൂഹ അടുക്കള പദ്ധതിയിലേക്ക് കമ്പനി അരി തന്നിട്ടില്ലെന്ന് സിപിഎം പുതുശേരി ലോക്കല്‍ കമ്മിറ്റിയും അറിയിച്ചു. അരി വിതരണത്തിന്റെ മാനദണ്ഡം വ്യക്തമല്ലാതിരിക്കെ വിവാദം കൊഴുക്കുകയാണ്. ബിജെപിയുടെ ആരോപണമിങ്ങനെ.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കലക്ടര്‍ക്ക് പരാതി നല്‍കി. അരിയുടെ കൈമാറ്റം സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉദ്യോഗസ്ഥര്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.