നിമിഷങ്ങൾക്കകം രൂപപ്പെട്ട ജനക്കൂട്ടം; പൊലീസ് എത്തിയപ്പോഴേക്കും ജനസമുദ്രം; പിന്നിലാര് ?

ചങ്ങനാശേരി: നിമിഷങ്ങൾ കൊണ്ടു രൂപപ്പെട്ട ജനക്കൂട്ടം പായിപ്പാടിനെ കീഴടക്കി. ലോക്ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്നു തുടങ്ങിയത് ഇന്നലെ രാവിലെ 11.30ന്. ആദ്യമെത്തിയ തൊഴിലാളികൾ റോഡിൽ കുത്തിയിരുന്നു. ഇവരോടു പൊലീസ് കാര്യം അന്വേഷിച്ചെങ്കിലും ലഭിച്ചതു വ്യത്യസ്ത മറുപടികൾ. മിനിറ്റുകളുടെ ഇടവേളയിൽ വീണ്ടും ആളുകൾ എത്തി. സാധാരണ പരിശോധനയ്ക്ക് സ്ഥലത്തുണ്ടായിരുന്ന പൊലീസിന് ഇവരെ നിയന്ത്രിക്കാനായില്ല.

കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കും പായിപ്പാട്ട്  ജനസമുദ്രമായി. കൊറോണ വൈറസ് ബോധവൽക്കരണത്തിനായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തി വന്ന അനൗൺസ്മെന്റ് വാഹനം പൊലീസ് ഏറ്റെടുത്ത് ഇവരോടു സംസാരിച്ചു. ദ്വിഭാഷിയുടെ സഹായം തേടിയായിരുന്നു സംസാരം.  എന്നാൽ ജനക്കൂട്ടം പ്രദേശത്തു തന്നെ നിന്നു. ഇവരെ പിരിച്ചയയ്ക്കാൻ പൊലീസ് ലാത്തി വീശി. ചില തൊഴിലാളികൾക്കു നിസ്സാര പരുക്കേറ്റു.  കലക്ടർ പി.കെ. സുധീർ ബാബുവും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും കുതിച്ചെത്തി. ജില്ലാ പൊലീസ് മേധാവി ഹിന്ദിയിൽ ഇവരോടു സംസാരിക്കാൻ ശ്രമിച്ചു.

പലരും നാട്ടിൽപ്പോകാൻ വാഹനമാണ് ആവശ്യപ്പെട്ടത്. ഇതു ജില്ലാ ഭരണകൂടത്തിന്റെ പരിധിയിൽ നിൽക്കുന്ന കാര്യമല്ലെന്നു കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഇവരോടു വിശദീകരിച്ചു. ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് ഇവർ പറഞ്ഞു. രണ്ടരയോടെ പ്രദേശത്ത് നിന്ന് എല്ലാവരും പിരിഞ്ഞു തുടങ്ങി.വൈകാതെ മന്ത്രി പി.തിലോത്തമൻ സ്ഥലത്തെത്തി ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും  ചർച്ച നടത്തി. യോഗത്തിനു ശേഷം ഉദ്യോഗസ്ഥരെ ക്യാംപുകളിലേക്ക് അയച്ചു. ഇവരിൽ നിന്നുള്ള മറുപടി ലഭിച്ച ശേഷമാണു മന്ത്രി മടങ്ങിയത്. രാത്രി വൈകിയും കലക്ടറുടെ നേതൃത്വത്തിൽ ക്യാംപുകളിൽ പരിശോധന തുടർന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കൊച്ചി റേഞ്ച് ഡിഐജി മഹേഷ് കുമാർ കാളിരാജ്, പത്തനംതിട്ട കലക്ടർ പി.ബി.നൂഹ്, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ഡപ്യൂട്ടി കലക്ടർ ജെസി ജോൺ, എഡിഎം അനിൽകുമാർ, ആർഡിഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ്, ജില്ലാ ലേബർ ഓഫിസർ വിനോദ്, ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ബിനു എന്നിവർ മന്ത്രി വിളിച്ച  യോഗത്തിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണ മേനോനും സ്ഥലത്തെത്തി.

പൊലീസിന്റെ ആശങ്കകൾ

∙തൊഴിലാളികളുടെ കൃത്യമായ എണ്ണം, വിവരങ്ങൾ എന്നിവ ഇല്ല.

∙ക്യാംപുകളിൽ പരിശോധന പ്രായോഗികമല്ല.

∙തൊഴിലാളികൾ നിരത്തിലിറങ്ങുന്ന സാഹചര്യമുണ്ടായാൽ തൃക്കൊടിത്താനം സ്റ്റേഷനിലെ പൊലീസുകാരെക്കൊണ്ടു നിയന്ത്രിക്കാനാവില്ല.

∙ആക്രമണം ഉണ്ടായാൽ സമീപ ജില്ലയായ പത്തനംതിട്ടയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിച്ചെത്തുന്നതു നിയന്ത്രിക്കാൻ പ്രയാസം.

പായിപ്പാട്;  ഇപ്പോൾ നാട്ടുകാർക്കും മറുനാട്ടുകാർക്കും കഷ്ടപ്പാട് 

മലയാളികളുടെ ഗൾഫിനു തുല്യമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പായിപ്പാട്.പല സംസ്ഥാനങ്ങളിൽ നിന്നായി 12,000 ലേറെ തൊഴിലാളികൾ ഇവിടെയുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലാ അതിർത്തിയിലുള്ള പായിപ്പാട്ട് 250 ൽ ഏറെ ക്യാംപുകളുണ്ട്. ആദ്യകാലത്ത് ഒറ്റയ്ക്കും ചെറുസംഘങ്ങളായും ബംഗാളിൽ നിന്ന് യുവാക്കൾ പായിപ്പാട്ട് എത്തി. പിന്നീട് അസം, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വന്നു. ഇപ്പോൾ പലരും കുടുംബ സമേതം ഇവിടെ താമസം.

2 ജില്ലകളിലെയും നിർമാണ മേഖലയിലാണു ജോലി. സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കും താമസ സൗകര്യത്തിനും ഇവർ നാട്ടുകാരെ ആശ്രയിച്ചു തുടങ്ങിയതോടെ നാട്ടുകാരിൽ പലർക്കും വരുമാന മാർഗം തുറന്നു. ബസുകളിലും നാട്ടിലെ കടകളിലും ഹിന്ദി, ബംഗാളി ഭാഷകളിൽ ബോർഡുകൾ സ്ഥാപിച്ചും ഉത്തരേന്ത്യൻ വിഭവങ്ങൾ ഒരുക്കിയും തൊഴിലാളികളെ സ്വീകരിച്ചു തുടങ്ങിയതോടെ ഇവരുടെ സുരക്ഷിത കേന്ദ്രമായി പായിപ്പാട് മാറി.

തൊഴിലാളികൾ പറയുന്നത്

∙തുടർച്ചയായി ജോലിക്കു പോകാതിരിക്കുന്നതിനാൽ പണം ഇല്ല.

∙ലോക്ഡൗൺ നീണ്ടാൽ ജന്മനാട്ടിലുള്ളവരുമായി ബന്ധപ്പെടാൻ മാർഗമില്ലാതാകും.

∙ആഹാരവും വെള്ളവും ലഭിക്കുമോയെന്നു സംശയം.

∙വാടക ഉൾപ്പെടെ നൽകാൻ കഴിയാത്ത സാഹചര്യം വന്നേക്കാം.

∙ലോക്ഡൗൺ കഴിഞ്ഞാൽ കുറച്ചു മാസത്തേക്ക് ജോലി ഉണ്ടാകുമോയെന്നും സംശയം.

∙ജന്മനാട്ടിൽ കൃഷിയുടെ സമയം. അവിടെ കൃഷിക്കു പോകണം. ഒരു വിഭാഗം നേരത്തേ പോയി. 

 ജനം പറയുന്നത്

∙റാന്നിയിൽ ഉൾപ്പെടെ ജോലിക്കു പോകുന്നവർ പായിപ്പാട്ടെ ക്യാംപുകളിലുണ്ട്. ഇവർക്ക് കൃത്യമായ പരിശോധന നടത്തുന്നില്ല.

∙ഇവർ സംഘം ചേരുന്നതു പതിവ്.  

∙സർക്കാർ നിർദേശങ്ങൾ അവഗണിക്കുന്നു.താമസസ്ഥലം മിക്കതും വൃത്തിഹീനം.