നിയന്ത്രണങ്ങളിൽ ഇളവ്; ഭക്ഷ്യധാന്യ വിതരണം സുഗമമാകും

ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമാക്കാന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇനി ഇ പൊസ് മെഷിനില്‍ കൈ പതിപ്പിക്കുകയോ ഒ.ടി.പി നമ്പര്‍ രേഖപ്പെടുത്തുകയോ വേണ്ട. കുറവുള്ള സാധനങ്ങള്‍ ലോക്കല്‍ പര്‍ച്ചേഴ്സിലൂടെ വാങ്ങാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയും അനുമതി നല്‍കി. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും എം.ഡി വ്യക്തമാക്കി.  

മഹാരാഷ്ട്രയില്‍ നിന്നുള്ള പഞ്ചസാര വരവ് കുറഞ്ഞു. ചെറുപയര്‍ കിട്ടാനില്ല. ടെന്‍ഡര്‍ എടുത്തവര്‍ക്ക്  ഇതരസംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ കാരണം സാധനം എത്തിക്കാന്‍ ആകുന്നില്ല. അതേസമയം സപ്ലൈകോ വിതരണകേന്ദ്രങ്ങളില്‍ വില്‍പന നാലിരട്ടിയായി വര്‍ധിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് കുറവുള്ള സാധനങ്ങള്‍ ലോക്കല്‍ പര്‍ച്ചേഴ്സിലൂടെ വാങ്ങാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയത്. പരാമവധി സാധനങ്ങള്‍ സംഭരിക്കാന്‍ തിരുവനന്തപുരത്തെ വലിയതുറയിലും എറണാകുളത്തെ വെല്ലിങ്ടണ്‍ െഎലന്റിലും കോഴിക്കോട് ബേപ്പൂരിലേയും ഗോഡൗണ്‍ തുറന്നു. പഞ്ചസാര കര്‍ണാടകത്തില്‍ നിന്ന് എത്തിക്കാന്‍ ശ്രമം തുടരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യാനായി മുപ്പതിനായിരം കിറ്റുകള്‍ തയാറാക്കും. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ അടുത്തമാസം മുതല്‍ വിതരണം ചെയ്യും. സാങ്കേതിക തകരാര്‍ കാരണം പലയിടത്തും ഇപോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് പഴയതുപോലെ റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തി ധാന്യം വിതരണം ചെയ്യാന്‍  അനുമതി നല്‍കിയത്