അശരണർക്ക് ആശ്വാസം; വിശന്ന് അലഞ്ഞവർക്ക് ഭക്ഷണം നീട്ടി കൊച്ചി പൊലീസ്

അശരണര്‍ക്ക് ആഹാരവുമായി കോവിഡ് കാലത്ത് കൊച്ചി പൊലീസിന്റെ സഹായഹസ്തം. സമ്പൂര്‍ണ ലോക്ഡൗണില്‍ ഭിക്ഷപോലും തേടാനാകാതെ വന്നവരാണ് കൊച്ചിപൊലീസിന്റെ വിലയറിഞ്ഞത്.

കോവിഡ് ഭീതിയില്‍ നാടൊന്നടങ്കം അടച്ചിട്ടപ്പോള്‍ വിശപ്പിന് മുന്നില്‍ കുമ്പിട്ടവര്‍ക്ക് മുന്നിലേക്കാണ് കൊച്ചി പൊലീസ് ഭക്ഷണം നീട്ടിയത്. ഒരു നേരത്തെ ഭക്ഷണം. വിശക്കുന്ന വയറുകള്‍ക്ക് അത്രയെങ്കിലും ഉറപ്പാക്കണമെന്ന ബോധ്യത്തില്‍നിന്നാണ് ഈ ഭക്ഷണമെത്തിയത്. പൊലീസിന് സഹായവുമായി എത്തിയത് കൊച്ചിയിലെ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. ഭിക്ഷയാചിച്ച് ജീവിക്കുന്ന നാന്നൂറിലധികം പേര്‍ അങ്ങനെ ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഭക്ഷണം കഴിച്ചുവെന്ന് പറയുമ്പോള്‍ പൊലീസിനുള്‍പ്പടെ നന്ദി പറയാം.

ഇനിയുള്ള ദിവസങ്ങളിലും വിവിധ ഹോട്ടലുകളും ട്രസ്റ്റുകളുമായിസഹകരിച്ച് പൊലീസ് ഈ സംരംഭം തുടരും. പൊലീസ് മാത്രമല്ല കൊച്ചിയിലെതന്നെ വിവിധ ഹോട്ടലുകളും ട്രസ്റ്റുകളും ഇതേ മാതൃകയില്‍ സ്വതന്ത്രമായി ആവശ്യക്കാര്‍ക്ക് ഭക്ഷണവിതരണം നടത്തുന്നുണ്ട്.