അടച്ചിട്ട കേരളം കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി; പ്രഖ്യാപനങ്ങൾ അവതാളത്തിലായേക്കും

കടകള്‍ അടയ്ക്കുകയും പൊതുഗതാഗതം വിലക്കുകയും ചെയ്ത് സംസ്ഥാനം അടച്ചിട്ടതോടെ കാത്തിരിക്കുന്നത് ഗുരുതര സാമ്പത്തികപ്രതിസന്ധി. റവന്യുവരുമാനം കുത്തനെ കുറയുന്നതോടെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നത് അവതാളത്തിലാകും. അടുത്ത സാമ്പത്തികവര്‍ഷം തനതു നികുതിവരുമാനം പ്രതീക്ഷിച്ചതിലും 20 ശതമാനം വരെ കുറയാമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.

9 ലോട്ടറികളുടെ നറുക്കെടുപ്പ് മാറ്റുകയും 12 ലോട്ടറികളുടെ നറുക്കെടുപ്പ് റദ്ദാക്കുകയും ചെയ്തതുവഴി മാത്രം 504 കോടിരൂപയുടെ വിറ്റുവരവാണ് നഷ്ടമായത്. ജനുവരിയില്‍ മദ്യവില്‍പനയുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആണ്. പ്രതിദിനം 26 കോടിരൂപ മദ്യത്തിന്റെ വില്‍പനനികുതിയായി ലഭിച്ചിരുന്നെങ്കില്‍ ഇനിയത് 10 കോടിയായി കുറഞ്ഞേക്കാം. 15 കോടിയുടെ കുറവ്. റജിസ്ട്രേഷന്‍ വരുമാനത്തില്‍ മാത്രം ഈ മാസം 500 കോടിയുടെ നഷ്ടമുണ്ടാകും. ഇന്നുമുതല്‍ 31 വരെ റജിസ്ട്രേഷന്‍ നിര്‍ത്തിയിരിക്കുകയാണ്. കടകള്‍ അടയ്ക്കുകയും പൊതുഗതാഗതം നിലയ്ക്കുകയും ചെയ്തതോടെ ചരക്കുസേവനനികുതി വരുമാനം കുത്തനെ താഴേക്കുപോകും. 21 ദിവസത്തെ ലോക് ഡൗണ്‍ കഴിയുമ്പോള്‍ ജി.എസ്.ടി വരുമാനത്തില്‍ എത്ര കുറവുണ്ടാകുമെന്ന് കണക്കുകൂട്ടാന്‍ പോലും സാധിക്കുന്നില്ല. ഈ മാസം കിട്ടണ്ട നികുതിയുടെ നാലിലൊന്നേ കിട്ടൂ എന്നാണ് ധനവകുപ്പ് പറയുന്നത്. സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയും. ഇരുപതുശതമാനം വരുമാനും കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ബജറ്റ് തയ്യാറാക്കിയത്. എന്നാല്‍ ഇത്രയും കുറവ് തനതുനികുതി വരുമാനത്തിലുണ്ടാകുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. ഈ സാമ്പത്തികവര്‍ഷവും ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 30 ശതമാനം വരെ വരുമാനം കുറയാം. 2018–19 സാമ്പത്തികവര്‍ഷം ലഭിച്ചവരുമാനം പോലും കിട്ടിയേക്കില്ല. ഇപ്പോള്‍ കടമെടുത്താണ് സര്‍ക്കാര്‍ രണ്ടുമാസത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. കോവിഡ് പ്രതിസന്ധി ഉടനെങ്ങും അയഞ്ഞില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.