ഇടുക്കി കല്ലാര്‍കുട്ടിയില്‍ പട്ടയം ലഭിക്കാത്ത കര്‍ഷകര്‍ സമരം ശക്തമാക്കുന്നു. പട്ടയാവകാശ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ കല്ലാര്‍കുട്ടിയില്‍ ആദ്യഘട്ട സമരം തുടങ്ങി. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ പരിസരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.
പട്ടയമനുവദിക്കണമെന്നാവശ്യപ്പെട്ട് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി പ്രഖ്യാപിച്ച സമരത്തിന്റെ ആദ്യഘട്ടമാണ് ഈ പ്രതിഷേധം. കല്ലാര്‍കുട്ടിയിലെ പട്ടയമില്ലാത്ത മുഴുവന്‍ കുടുംബങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പട്ടയപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
കല്ലാര്‍കുട്ടിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് 1968ല്‍ സമര്‍പ്പിച്ച മാത്യുമണിയങ്ങാടന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്‍പ്പെടെ സൂചിപ്പിച്ചിട്ടും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇവരുടെ ആവശ്യം നിഷേധിച്ചു.
വിവിധ ഇടങ്ങളില്‍ നിന്നും പ്രതിഷേധ പ്രകടനങ്ങളായിട്ടാണ് കര്‍ഷകര്‍ കല്ലാര്‍കുട്ടിയിലെ സമരപന്തലില്‍ എത്തിയത്. സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ കല്ലാര്‍കുട്ടിയില്‍ കടകളടച്ച് പ്രതിഷേധിച്ചു.