തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരനെ കണ്ടെത്തി; സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം പൂന്തുറയിൽ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി. കുട്ടിയെ അൽപം മുൻപ് ചിറയിൻകീഴിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ച മുതലാണ് മുസ്തഫ എന്ന വിദ്യാർഥിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങുകയായിരുന്നു.

അതേസമയം കൊല്ലത്ത് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായിട്ട് പത്തു മണിക്കൂറിലേറെ പിന്നീടുകയാണ്. ഇതുവരെ കുട്ടി എവിടെ എന്നുള്ളതിന് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. പൊലീസും നാട്ടുകാരും കേരളം ഒന്നടങ്കം ദേവനന്ദയെ തിരയുകയാണ്. വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും കാര്യമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. പൊലീസ് നായ മണം പിടിച്ച് പുഴ കടന്നു പോവുകയും അവിടെയുള്ള വള്ളക്കടവിലേക്കും എത്തിയിരുന്നു.അവിടെ നിന്ന് തിരിച്ച് പൊലീസ് നായ കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയെത്തി. നാട്ടുകാരുടെ വലിയ കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമാകുന്നത്. റോഡ് നിറയെ അവളുടെ വിവരങ്ങൾ തിരഞ്ഞ് ജനം കൂടുകയാണ്. പ്രാർഥനയോടെ പൊലീസിനൊപ്പം കുട്ടിയെ തേടി നാട്ടുകാരും രംഗത്തുണ്ട്. രാത്രി ആയതോടെ പുഴയിലുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്.