ആദ്യം ഉരുൾപൊട്ടി, ഇപ്പോൾ ഹൃദയവും; തകർന്ന ജീവിതം തിരിച്ചുപിടിക്കാനാകാതെ കാലിടറി

വീടും കടയും ഉരുൾപൊട്ടലിൽ നഷ്‌ടപ്പെട്ടപ്പോഴും ഉന്തുവണ്ടിയിൽ കച്ചവടം നടത്തി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ച ഗൃഹനാഥന് ഒടുവിൽ കാലിടറി. പാതാറിലെ ഇലവനാംകുഴി ജോർജ്കുട്ടി (ബാബു–64) ആണ് ജീവിതപ്രതിസന്ധികളുടെ സമ്മർദങ്ങൾക്കൊടുവിൽ ഹൃദയാഘാതം മൂലം മരിച്ചത്. മലപ്പുറം പാതാർ അങ്ങാടിക്കു സമീപം ഇഴുകത്തോടിന്റെ കരയിൽ 10 സെന്റ് സ്‌ഥലത്ത് പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച വീട് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞു. രോഗിയായ ഭാര്യ റോസ്‌ലിയും മകൾ ഇജിയും പേരക്കുട്ടിയും അടങ്ങുന്ന കുടുംബത്തെ നാട്ടുകാരുടെ പിന്തുണയോടെ വാടകവീട്ടിലേക്കു മാറ്റി. പുനരധിവാസം ഒന്നുമാകാത്തതിനെത്തുടർന്നു കുറച്ചുദിവസമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ജോർജ്കുട്ടിയെന്നു വീട്ടുകാർ പറഞ്ഞു. പാതാറിലേക്കു തിരിച്ചുപോകാനുള്ള ആഗ്രഹം പലരോടും പങ്കുവച്ചിരുന്നു.

വെള്ളിമുറ്റത്തു വാടകവീടിനു സമീപം ഉന്തുവണ്ടിയിൽ കച്ചവടം തുടങ്ങിയത് 4 ദിവസം മുൻപാണ്. നേരത്തേ പാതാർ അങ്ങാടിയിൽ ചെറിയൊരു മുറിയിൽ ചെരിപ്പും കുടയും തുന്നിയാണു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.ഇന്നലെ പുലർച്ചെ 5 നു ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മകൻ: റോജി. മരുമക്കൾ: മായ, പരേതനായ ബിജു.