കാട്ടുപോത്തിനെ കണ്ടു പേടിച്ചോടി; വനത്തില്‍ ഒറ്റപ്പെട്ട യുവാവിനെ കണ്ടെത്തി

കൊല്ലം തെന്‍മല റോസ്മലയില്‍ കാട്ടുപോത്തിനെ കണ്ടു പേടിച്ചോടി വനത്തില്‍ ഒറ്റപ്പെട്ട യുവാവിനെ കണ്ടെത്തി. കോട്ടയം പുതുപള്ളി സ്വദേശി സുമേഷിനെ യുവാക്കളുടെ സംഘം ഉള്‍വനത്തില്‍ നിന്നും ഇന്നു രാവിലെയാണ് കണ്ടെത്തിയത്. യുവാവിനായി ഇന്നു പുലര്‍ച്ചെ വരെ വനംവകുപ്പും പൊലീസുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.

ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സുമേഷും ബന്ധുവായ അജീഷും കാടുകാണാനായി റോസ് മലയില്‍ എത്തിയത്. ഇരുചക്ര വാഹനത്തില്‍ വനത്തിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ വിളക്ക് മരം എന്ന സ്ഥലത്തിന് സമീപംവെച്ച് ഇവർ കാട്ടു പോത്തിന് മുന്നില്‍ പെട്ടു. സുമേഷ് വനത്തിലേക്ക് ഓടി കയറി. വഴിതെറ്റിയെന്ന് മനസിലാക്കിയതോടെ ഫോണില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വനപാലകരും പൊലീസും നാട്ടുകാരും േചര്‍ന്ന് പുലരും വരെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്ന യുവാക്കളുടെ സംഘം രാവിലെ ഉള്‍വനത്തിലെ അരുവിയുടെ തീരത്ത് നിന്നും  സുമേഷിനെ കണ്ടെത്തുകയായിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം സുമേഷിനെ ബന്ധുകള്‍ക്ക് ഒപ്പം വിട്ടു.