ചുറ്റുമതിലില്ല; കുരുന്നുകൾക്ക് ഒാടികളിക്കാൻ അധ്യാപകർ കാവൽ; വേണം നടപടി

സ്കൂളിന് ചുറ്റുമതിലില്ലാത്തതിനാല്‍, ക്ലാസ്മുറിയുടെ ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിക്കൂടേണ്ട ഗതികേടിലാണ് തിരുവല്ല ചുമത്ര ഗവണ്‍മെന്‍റ് യുപി സ്കൂളിലെ കുട്ടികള്‍. സമീപത്തെ റോഡിലൂടെ ചീറിപായുന്ന വാഹനങ്ങളും, മൈതാനംപോലും  റോഡായിമാറിയതുമാണ് ജീവന് വെല്ലുവിളിയാകുന്നത്. ഇതോടെ, ക്ലാസ് മുറിക്ക് പുറത്തുകടക്കുന്ന ഓരോ വിദ്യാര്‍ഥിക്കും കാവല്‍നില്‍ക്കേണ്ട അവസ്ഥയിലാണ് അധ്യാപകര്‍ .  

നാലുചുറ്റിനും അധ്യാപകര്‍ കാവല്‍നില്‍ക്കണം ഈ മൈതാനത്ത് ഇതുപോലെ ഒന്ന് ഓടികളിക്കാന്‍ . മീറ്ററുകള്‍ മാത്രമകലയുള്ള റോഡിലേക്ക് കുട്ടികള്‍ കടക്കാതെ നോക്കണം. സമീപവാസികള്‍ റോഡാക്കിമാറ്റിയ മൈതാനത്തിലൂടേയും വാഹനംകടന്നുപോകാം. ഇങ്ങനെ, അടച്ചുറപ്പില്ലാത്ത സ്കൂള്‍പരിസരം ചൂണ്ടിക്കാട്ടി അധ്യാപകര്‍ ആശങ്കനിരത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുട്ടികളു‌ടെ സുരക്ഷയ്ക്ക് സ്കൂളിന് ചുറ്റുമതില്‍ വേണമെന്നത് ന്യായമായ ആവശ്യമാണ്. പക്ഷെ, ഈ സര്‍ക്കാര്‍ സ്കൂളിനോട് ഈനാട്ടിലെ ജനപ്രതിനിധികള്‍ക്ക് എന്നുംഅവഗണനയാണ്. പേരിന് ഫണ്ട് അനുവദിക്കും, സമീപവാസികളുടെ എതിര്‍പ്പുചൂണ്ടികാട്ടി നിര്‍മാണം നടത്തില്ല.  

സഞ്ചാരത്തിന് മറ്റുവഴിയില്ലെന്ന കാരണംപറഞ്ഞാണ് സമീപവാസികളുടെ എതിര്‍പ്പ്. എന്നാല്‍, മതില്‍കെട്ടി സംരക്ഷിക്കാത്ത സ്കൂള്‍ സാമൂഹികവിരുദ്ധരുടെ താവളംകൂടിയാണ്. മദ്യകുപ്പികളും, ഭക്ഷണാവശിഷ്ടങ്ങളും മിക്കദിവസങ്ങളിലും ക്ലാസ് മുറികളിലുണ്ടാകും. ഭൂമിയും കയ്യേറി. എന്തായാലും, അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണ് തിരുവല്ല ചുമത്ര ഗവണ്‍മെന്‍റ് യുപിഎസിലെ കുട്ടികള്‍ . അത്യാഹിതം നടന്നിട്ട് കണ്ണീരൊഴുക്കുന്നതിന് പകരം, മുന്‍കൂര്‍ നടപടിയാണ് ആവശ്യം.