രണ്ടാംക്ലാസ് വിദ്യാര്‍‌ഥിയെ തല്ലിച്ചതച്ചു; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

രണ്ടാംക്ലാസ് വിദ്യാര്‍‌ഥിയെ തല്ലിച്ചതച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ എല്‍പി സ്കൂള്‍  അധ്യാപിക മിനി ജോസിനെയാണ് അന്വേഷണ വിധേയമായി മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത് . മലയാളം വായിക്കാന്‍ കഴിയാത്തതിന് വിദ്യാര്‍ഥിയെ അടിച്ചെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി .

മണ്ണാറപ്പാറ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ രണ്ടുദിവസം മുമ്പാണ് അധ്യാപിക തല്ലിച്ചതച്ചത് . വൈകിട്ട് വീട്ടിലെത്തിയ കുട്ടിതന്നെയാണ്   അമ്മയോട്  ഇക്കാര്യം പറഞ്ഞത് . തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കാലില്‍  അടിയേറ്റ 20ഒാളംപാടുകള്‍ കണ്ടത് . കുട്ടിയ്ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തി. മര്‍ദനവിവരം ചൂണ്ടിക്കാട്ടി ചൈല്‍ഡ് ലൈനിലും  പൊലീസിലും പരാതി അമ്മ പരാതി നല്‍കി. 

വിദ്യാര്‍ഥിയെ അടിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിയ സ്കൂള്‍ മാനേജ്മെന്റ് അന്വേഷണവിധേയമായാണ് അധ്യാപികയെ സസ്പന്‍ഡ് ചെയ്തത് . ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന്  കുറവിലങ്ങാട് എഇഒ ശ്രീലത പറഞ്ഞു. മര്‍ദനവിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ എസ്എഫ്ഐ  പ്രവര്‍ത്തകര്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ചു 

കുട്ടിയെ തല്ലിയ അധ്യാപികയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചെന്ന് കുറവിലങ്ങാട് പൊലീസും അറിയിച്ചു