20 ദിനങ്ങൾ 20 ജീവൻ; കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

കോട്ടയത്ത് റോഡപകടങ്ങള്‍ പെരുകിയതോടെ പരിശോധനയും നടപടികളും കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. പുതുവര്‍ഷം പിറന്ന് ഒരുമാസം പിന്നിടും മുന്‍പ് ഇരുപതുപേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്ക് ഇടയാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

20 ദിവസങ്ങള്‍ക്കിടെയാണ് കോട്ടയത്ത് 20 പേര്‍ക്ക് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. കോട്ടയം എംസി റോഡിലാണ് കൂടുതല്‍ അപകടങ്ങള്‍. നാല് അപകടങ്ങളിലായി മരിച്ചത് ആറുപേര്‍. ബൈക്ക് യാത്രികരും കാല്‍നടയാത്രക്കാരുമാണ് മരിച്ചവരില്‍ ഏറെയും. അമിതവേഗതയും അശാസ്ത്രീയമായ റോഡ് നിര്‍മാണവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് കാരണമായി. വൈക്കം ചേരും ചുവട് പാലത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ഇതേ റോ‍ഡില്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുകയാണ്. ഇന്നലെ പാഞ്ഞെത്തിയ രണ്ട് ബസുകള്‍ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരി രക്ഷപ്പെട്ടത്.

മോട്ടോര്‍ വാഹനവകുപ്പിന്‍റെ കണക്കുകളില്‍ ജനുവരി മെയ് മാസങ്ങളിലാണ് അപകടങ്ങള്‍ പെരുകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 262 അപകടങ്ങളാണ് ജില്ലയിലുണ്ടായത് ഇതില്‍ 32പേര്‍ മരിച്ചു. 2018ല്‍ 33 പേരും 2017ല്‍ 26 പേര്‍ക്കും ജനുവരിയില്‍ ജീവന്‍ നഷ്ടമായി.  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റോഡപകടങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു. 34 പേര്‍. പരിശോധനകള്‍ കുറഞ്ഞപ്പോളും അപകടങ്ങള്‍ വര്‍ധിച്ചതായി കണ്ടെത്തി. രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.