റോഡ് അപകടങ്ങൾ കുറയ്ക്കാൻ ശക്തമായ ഇടപെടൽ; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിർവഹിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വാഹനപരിശോധനയ്ക്കുള്ള 17 അത്യാധുനിക ഇന്റർസെപ്റ്റർ വാഹങ്ങള്‍ ഫ്ലാഗ്ഓഫ് ചെയ്തു.

യുവശക്തിയിലൂടെ മാറ്റങ്ങൾ കൊണ്ടു വരാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇക്കുറി റോഡ് സുരക്ഷ വാരാചരണം. റോഡ് അപകടനിരക്ക് പകുതിയായി കുറക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അപകടങ്ങൾ കുറയ്ക്കാൻ ശരിയായ ബോധവൽക്കരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോട്ടോർ വാഹന വകുപ്പിനെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയ്ക്കുള്ള അത്യാധുനീക ഇന്റർസെപ്റ്റർ വാഹങ്ങള്‍ നിരത്തിലിറക്കി. 25 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഓരോ വാഹനങ്ങളും സജീകരിച്ചിരിക്കുന്നത്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന ഒഴിവാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധുനീക സജീകരണവുമായി മോട്ടോവാഹന വകുപ്പ് നിരത്തിലിറങ്ങുന്നത്.  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.