പച്ചക്കറി ,പാല്‍ ഉല്‍പാദന രംഗത്ത് മുന്നേറ്റം; പുരസ്ക്കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി

പച്ചക്കറി ,പാല്‍ ഉല്‍പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തത കൈവരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി തൊടുപുഴയില്‍ പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കാർഷിക മേളയുടെ സമാപനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജൈവകാര്‍ഷിക മേഖലയില്‍ വിജയം നേടിയവര്‍ക്കുള്ള പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. 

കഴിഞ്ഞ പത്ത് ദിവസമായി തൊടുപുഴ ന്യൂമാന്‍ കോളജ് മൈതാനത്ത് സംഘടിപ്പിച്ചിരുന്ന കാര്‍ഷിക മേളയുടെ സമാപന ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്തിന്‍റെ പൊതുവായ വികസനകാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ആമുഖത്തോടെയാണ്പിജെ ജോസഫ് സംഘടിപ്പിച്ച കാർഷികമേളയുടെ സമാപന സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കാർഷിക രംഗത്ത് സ്വയം പര്യാപ്തത മാത്രമല്ല കേരളത്തിന് ഇന്നാവശ്യം, അതിനുമപ്പുറം കാർഷിക ഉല്‍പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് എത്തേണ്ടതും അനിവാര്യതയാണ്. 

കാർഷികമേളയോട് അനുബന്ധിച്ച് വിവിധ കർഷകർക്കുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.മേളയോട് അനുനബന്ധിച്ച് നടത്തിയ കാലിപ്രദർശനത്തില്‍ ഒന്നാംസ്ഥാനം നേടിയ ഗീർ വിഭാഗത്തില്‍പെടുന്ന പശുവിനെ കണ്ട്  ഉടമയ്ക്ക് സമ്മാനവും നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.