രണ്ടുവർഷമായി കാവൽകിടക്കുന്ന തെരുവ് നായ; ഇന്ന് അവന് കാവലായി പൊലീസ്; ഹൃദ്യം

പയ്യാമ്പലത്തെ പൊലീസ് കൺട്രോൾ റൂമിനു മുൻപിലെ മനോഹരകാഴ്ചയാണ് അപ്പു എന്ന തെരുവ് നായ. പൊലീസുകാർക്ക് തന്നെ കാവലായി ഇവൻ ഇവിെട തുടരാൻ തുടങ്ങിയിട്ട് രണ്ടുവർഷം പിന്നിടുന്നു. ഇപ്പോൾ അപ്പുവിന് ആപത്തു വന്നപ്പോൾ പരിചരിക്കാൻ പൊലീസ് എത്തിയ കാഴ്ചയാണ് ഏറെ ഹൃദ്യം. മറ്റു തെരുവുനായ്ക്കളിൽനിന്നു മാരകമായി കടിയേറ്റപ്പോഴാണു കൺട്രോൾ റൂമിലെ പൊലീസുകാർ അപ്പുവിന് രക്ഷകരായത്.

പൊലീസ് ഇടപെട്ടു ചികിത്സ ലഭ്യമാക്കിയതോടെ മുറിവു ഭേദപ്പെട്ട അപ്പു ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ്. 2 വർഷമായി പൊലീസ് സ്റ്റേഷൻ വിട്ടെങ്ങോട്ടും മാറാത്ത നായയാണ് അപ്പു. സ്റ്റേഷന്റെ പരിസരത്തു രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ എത്തുന്നത് ആരായാലും കുരച്ചോടിക്കും. മറ്റു തെരുവുനായ്ക്കളെയും വിരട്ടും.

എന്നാൽ ആരെയും കടിച്ചതായി പരാതിയില്ല. ഒരാഴ്ച മുൻപാണു മറ്റു തെരുവുനായ്ക്കൾ സംഘം ചേർന്ന് അപ്പുവിനെ ആക്രമിച്ചത്. ഇരു കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. വെറ്ററിനറി ഡോക്ടർമാരെ വിളിച്ചുവരുത്തിയ പൊലീസുകാർ അപ്പുവിന്റെ ശുശ്രൂഷ ഏറ്റെടുക്കുകയായിരുന്നു. എല്ലാ ദിവസവും മുറിവിൽ മരുന്നു വച്ചു കെട്ടുന്നുണ്ട്. കുത്തിവയ്പുമുണ്ട്. പൊലീസുകാരുടെ ശുശ്രൂഷയിൽ അപ്പു സുഖം പ്രാപിച്ചുവരുന്നു.