അന്വേഷണം നേരിടുന്നതിനിടെ വീണ്ടും ബെന്നറ്റ് ഏബ്രഹാമിനെ ഡയറക്ടറാക്കി നിയമനം; പ്രതിഷേധം

സാമ്പത്തികക്രമക്കേടിന് അന്വേഷണം നേരിടുന്ന ബെന്നറ്റ് ഏബ്രഹാമിനെ വീണ്ടും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടറാക്കി. കോടതിവിധിയെ തുടര്‍ന്ന് ബെന്നറ്റിനെ വീണ്ടും ഡയറക്ടറായി നിയമിക്കുന്നു എന്നാണ് സി.എസ്.ഐ ദക്ഷിണകേരള മഹാഇടവക ബിഷപ്പ് റവ. എ. ധര്‍മരാജ് റസാലത്തിന്റെ ഉത്തരവ്. ബെന്നറ്റിന്റെ സസ്പെന്‍ഷന്‍ നീക്കിയതിനെതിരെ സഭാ സിനഡിനെ സമീപിക്കുമെന്ന് മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ് പ്രതികരിച്ചു. 

സിഎംഎസ് ആംഗ്ലിക്കന്‍ സഭാ ബിഷപ്പിന്റെ വ്യാജസമുദായസര്‍ട്ടിഫിക്കറ്റിന്‍മേല്‍ അനര്‍ഹര്‍ക്ക് കാരക്കോണത്ത് പ്രവേശനം നല്‍കിയെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബെന്നറ്റിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് സഭ തന്നെ ബെന്നറ്റിനെതിരെ സാമ്പത്തികക്രമക്കേടിനും ചെക്കുകള്‍ മോഷ്ടിച്ചതിനും പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ ബെന്നറ്റിന്റെ സസ്പെന്‍ഷന് ആധാരമായ കുറ്റങ്ങളില്‍ നിന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും അദ്ദേഹത്തെ മുക്തനാക്കിയെന്ന് പറഞ്ഞാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് ബിഷപ്പ്  ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ ബെന്നറ്റ് കാരക്കോണം മെഡിക്കല്‍ കോളജിലെത്തി ചുമതലയേല്‍ക്കുകയും ചെയ്തു. ബിഷപ്പിന്റെ തീരുമാനത്തില്‍ ശക്തമായ അമര്‍ഷത്തിലാണ് മഹായിടവക സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഭാഗം. 

ഡോ.പി.കെ.റോസ്ബിസ്റ്റ്, സി.എസ്.ഐ ദക്ഷിണകേരള മഹായിടവക സെക്രട്ടറി സഭാ സിനഡ് എക്സിക്യൂട്ടീവിന്റെ തീരുമാനമാണ് നടപ്പാക്കിയതെന്നും ബിഷപ്പിനൊപ്പമുള്ളവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇങ്ങനെയൊരു തീരുമാനമുള്ളതായോ കോടതി ഉത്തരവുള്ളതായോ അറിയില്ലെന്ന് മഹായിടവക സെക്രട്ടറി പറഞ്ഞു. വ്യാജസമുദായസര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ബെന്നറ്റ് പ്രതികരിച്ചു.