സന്നിധാനത്ത് നിരോധനം ഒരു ഭാഗത്ത്; കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മറുഭാഗത്ത്

നിരോധനം നിലനില്‍ക്കുമ്പോള്‍ സന്നിധാനത്തും പരിസരത്തും വലിയതോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. തീര്‍ഥാടനകാലത്ത് അഞ്ചുടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ദിനംപ്രതി എത്തുന്നത്. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് വ്യാപകപ്രചാരണം നടത്തുണ്ടെങ്കിലും പ്ലാസ്റ്റിക്കിന് കുറവില്ല. 

ശബരിമലയില്‍ യാതൊരു ഉപയോഗവുമില്ലാത്ത പനിനീര്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് കുപ്പിയിലാക്കിയാണ് തീര്‍ഥാടകര്‍ മലകയറുന്നത്. ഇരുമുടിക്കെട്ടിലെ കര്‍പ്പൂരം, മഞ്ഞപ്പൊടി, കുങ്കുമം, പനിനീര്‍ ഇവയെല്ലാം കൂടുതലും പ്ലാസ്റ്റിക് കവറുകളില്‍തന്നെയാണ് വരുന്നത്.  

പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണം ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തന്നെ തുടങ്ങാനായി വലിയ പ്രചാരം നടത്തുന്നുണ്ട് ദേവസ്വംബോര്‍ഡ്. ഒപ്പം, ശബരിമലയില്‍ ഭക്തര്‍ അനുഷ്ടിക്കേണ്ട സപ്തകര്‍മങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ‘പുണ്യം പൂങ്കാവനം’ പദ്ധതി തുടങ്ങിയതിനുശേഷം വലിയതോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എണ്ണയും സോപ്പും ഉപയോഗിച്ച് പമ്പയില്‍  കുളിക്കരുതെന്ന നിര്‍ദേശം തീര്‍ഥാടകര്‍ക്കിടയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്ലാസ്റ്റിക്കിന്‍റെ കാര്യത്തില്‍ക്കൂടി നടപ്പിലാവുകയാണെങ്കില്‍ അയ്യപ്പന്‍റേത് യഥാര്‍ഥ പൂങ്കാവനമാകും.