മഹാകവി അക്കിത്തത്തിന് ആദരം; ആശംസകളുമായി പ്രമുഖർ

ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തിന് ആശംസയേകാനും കവിയെ നേരിൽ കാണാനും സന്തോഷം പങ്കുവയ്ക്കാനും ഒട്ടേറെ പേരാണെത്തുന്നത്. പാലക്കാട് തൃത്താല കുമരനെല്ലൂരിലെ വീട്ടിലേക്ക് മന്ത്രിമാർക്ക് പുറമേ വിവിധ നാടുകളിലുള്ളവരും ഇടതടവില്ലാതെ എത്തിച്ചേരുന്നുണ്ട്.

കുമരനല്ലൂരിന്റെ എല്ലാ വഴികളും അക്കിത്തത്തിന്റെ വീട്ടിലേക്കാണ്. മലയാളത്തിന്റെ സന്തോഷം അറിയിക്കാൻ പ്രായേഭേദമെന്യേ എല്ലാവരും എത്തിച്ചേരുന്നു. മന്ത്രി എ.കെ.ബാലൻ പൊന്നാടയണിയിച്ച് മഹാകവിയെ ആദരിച്ചു. അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടാൻ വൈകിയെങ്കിലും അർഹതപ്പെട്ടത് ഏത് സമയത്തായാലും ലഭിക്കുമെന്ന് മന്ത്രിയുടെ വാക്കുകൾ. 

മലയാള സാഹിത്യ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. വനംമന്ത്രി കെ.രാജുവും, പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിനും അക്കിത്തത്തെ കാണാനും ആശംസയേകാനും കുമരനല്ലൂരിലെ വീട്ടിലെത്തി. സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരും വിദ്യാർഥികളും കവിയെ നേരിൽ കാണാനാനെത്തിയിരുന്നു.