അക്കിത്തത്തിന് സാംസ്കാരിക സംഘത്തിന്റെ ആദരം

ജ്ഞാനപീഠം പുരസ്കാരം നേടിയ മഹാകവി അക്കിത്തത്തിന് പതിനഞ്ചു സംസ്ഥാനങ്ങളിൽ നിന്നെത്തിയ സാംസ്കാരിക സംഘത്തിന്റെ ആദരം.  നെഹ്റു യുവകേന്ദ്രയുടെ പാലക്കാട്ടെ ദേശീയോദ്ഗ്രഥന ക്യാംപിലെത്തിയ യുവതീയുവാക്കളാണ് കവിയുടെ കുമരനല്ലൂരിലെ വീട്ടിലെത്തിയത്.

നെഹ്റു യുവകേന്ദ്രയുടെ ദേശീയോദ്ഗ്രഥന ക്യാമ്പില്‍ പങ്കെടുക്കുന്ന പതിനഞ്ചു സംസ്ഥാനങ്ങളിലുളള യുവതീയുവാക്കളാണ് മഹാകവി അക്കിത്തത്തെ സന്ദര്‍ശിച്ചത്. ഹിമാചല്‍ പ്രദേശില്‍ നിന്നെത്തിയ കലാകാരന്മാര്‍ അവരുടെ പരമ്പരാഗത തൊപ്പി അക്കിത്തത്തെ അണിയിച്ചു. കാശ്മീരില്‍ നിന്ന് കൊണ്ടുവന്ന ദേവദാരു വൃക്ഷം അക്കിത്തത്തിന്റെ വീട്ടുവളപ്പില്‍ സംഘാംഗങ്ങള്‍ തന്നെ നട്ടു. വിവിധ സംസ്ഥാനങ്ങളിലെ പാരമ്പര്യ നൃത്തരൂപങ്ങൾ അക്കിത്തത്തിന് മുന്നിൽ അവതരിപ്പിച്ചു

സാംസ്കാരിക സംഘത്തിലുളളവര്‍ക്ക് അക്കിത്തം തെങ്ങിന്‍ തൈകളും  മധുരവും കേരളത്തിന്റെ കസവ് പൊന്നാടയും സമ്മാനിച്ചു.  രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് എല്ലാ ഭാരതീയരും ഒന്നാണെന്നുള്ള സന്ദേശം രാജ്യമെമ്പാടും പരത്തണമെന്നായിരുന്നു കവിയുടെ സന്ദേശം.