ശുദ്ധജലം ശേഖരിക്കുന്ന സ്രോതസുകളും പരിസരവും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ജല അതോറിറ്റി . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പങ്കാളിത്തതോടെയാണ് കുറ്റക്കാര്‍ക്കെതിരെ നീങ്ങാന്‍ ജല അതോറിറ്റി നീക്കമിടുന്നത്. തിരുവനന്തപുരം നഗരത്തില്‍ വിതരണം ചെയ്യപ്പെടുന്ന വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ റിപ്പോർട്ടിനുപിന്നാലെയാണ് നടപടി.
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെയും, ആഴ്സനിക്കിന്റെയും അംശമുണ്ടെന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ വിവരങ്ങള്‍ ജല അതോറിറ്റിയെപോലും ഞെട്ടിച്ചിരുന്നു. ജലം ശേഖരിക്കുന്ന സ്രോതസുകള്‍ മലിനമാകുന്നതാകാം ഇതിനുകാരണമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ജല അതോറിറ്റി തുടക്കമിടുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവര്‍ക്ക് ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ പിഴശിക്ഷ ഉൾപ്പെടെ നിയമപരമായ നടപടി സ്വീകരിക്കൻ നിലവിൽ അധികാരമുണ്ട്. ഈ മൂന്നു വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള സമിതികൾ രൂപീകരിച്ചു ഇതുകൂടുതല്‍ കര്‍ശനമാക്കാനാണ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലെ നിർദേശം. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുമായി സംസാരിച്ച് ഇതിനുള്ള കർമപദ്ധതി തയാറാക്കും. അതേസമയം, ശുദ്ധജലത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ സംസ്ഥാനത്തെ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബുകൾ കേന്ദ്രീകരിച്ചു സംവിധാനം ഒരുക്കാനും ജലവിഭവ വകുപ്പ് നടപടി ആരംഭിച്ചു. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിലെ അപാകതകളാണു പലപ്പോഴും റിപ്പോർട്ടുകളിൽ കേരളത്തിനെതിരെ വിപരീതപരാമർശങ്ങൾ ഉയരാന്‍ കാരണം.