പുത്തൻ ഹെർക്കുലീസ് സൈക്കിൾ ആണ് നവനീതിന്റേത്. ഷെഡിൽ വച്ചിരിക്കുന്ന സൈക്കിൾ അവിടെത്തന്നെയുണ്ടോയെന്ന് ഇടവേളകളിൽ പോയി നോക്കുന്ന പതിവുണ്ട് നവനീതിന്. അങ്ങനെയാണ് ഇന്നലെയും ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് അവൻ സൈക്കിൾ ഷെഡിലേക്ക് ഓടിയത്.
വെള്ളിയാഴ്ചയായതിനാൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ആണ് സ്കൂൾ ഉച്ചഭക്ഷണത്തിന് വിട്ടത്.സ്കൂളിൽ ഓഡിറ്റ് തർക്കം ഉന്നയിച്ചതിനെത്തുടർന്ന് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷനൽ ഹയർ സെക്കൻഡറിയുടെ സിവിൽ കൺസ്ട്രക്ഷൻ ലാബിന്റെയും മധ്യഭാഗത്തു കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്കൂൾ കെട്ടിടത്തിൽ നിന്നു നവനീത് മുകളിലെ ഓഫിസ് കെട്ടിടത്തിനു പിന്നിലെ സൈക്കിൾ ഷെഡിലേക്ക് എത്തുന്നത്.
വഴിയിൽ മരക്കഷണങ്ങൾ മുറിച്ചിട്ടിരിക്കുന്നതിലും മരത്തിന്റെ വേരുകളിലുമായി കുട്ടികൾ കൂട്ടംകൂട്ടമായി ഇരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്ത് കുട്ടികൾ പട്ടികക്കഷണം ബാറ്റും കടലാസ് ചുരുട്ടിയ പന്തുമായി ക്രിക്കറ്റ് കളിക്കാറുണ്ട്. ബെഞ്ചിനടിയിൽ രണ്ടു കാലുകളെ ബന്ധിപ്പിച്ചു ഘടിപ്പിക്കുന്ന പട്ടികയായിരുന്നു ബാറ്റ്.
ഉച്ചയ്ക്ക്
നവനീത് സൈക്കിൾ ഷെഡിൽ നിന്നു തിരികെ ക്ലാസിലേക്ക് പോകുകയാണ്. സൈക്കിൾ ഷെഡിൽ നിന്നു സിവിൽ കൺസ്ട്രക്ഷൻ ലാബിരിക്കുന്ന ഭാഗത്തേക്ക് ഇറക്കമാണ്. അവിടേക്ക് ഓടിയിറങ്ങുന്നതിനിടയിൽ മുതിർന്ന കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് അവൻ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ബാറ്റ് ചെയ്ത കുട്ടിയും പിന്നിൽ നിന്ന് ഒരു കുട്ടി ഓടിയിറങ്ങുന്നതു കണ്ടില്ല.
ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ നിമിഷത്തിൽ. വിദ്യാർഥിയുടെ കൈയിൽനിന്നു പട്ടികക്കഷണം തെറിച്ചു നവനീതിന്റെ തലയിൽ കൊണ്ടുവെന്നാണു പൊലീസ് പറയുന്നത്. തലയ്ക്ക് അടിയേറ്റതും നവനീതും ബാറ്റ് വീശിയ വിദ്യാർഥിയും കണ്ടു നിന്നവരും ഒരു നിമിഷം ഞെട്ടി. തല തടവി നവനീത്, ‘കുഴപ്പമില്ല ചേട്ടാ’ എന്നു പറഞ്ഞു മുന്നോട്ടു നടന്നു.
ഏതാനും ചുവടുകൾ മാത്രം. അവൻ കുഴഞ്ഞു വീണു. വിദ്യാർഥികൾ ചുറ്റും കൂടി. വിദ്യാർഥികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ പിടിഎ ഭാരവാഹികളിൽ ചിലർ നവനീതിനെ വാരിയെടുത്ത് കാറിനടുത്തേക്കു പാഞ്ഞു. അതിനിടയിൽ വിദ്യാർഥികൾ അറിയിച്ച് അധ്യാപകരുമെത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.ആർ.ശശികലയുടെ കാറിൽ കുട്ടിയെ ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു.
ഉച്ചയ്ക്ക്
ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്നു മനസ്സിലാക്കിയ ഡോക്ടർമാർ വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചു. വാഹനത്തിൽ കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടയിൽ നവനീത് മരിച്ചു.