തുടരെ ഹൃദയസ്തംഭനം; രക്ഷിച്ചത് 'എക്മോ' ; ജീവിതത്തിലേക്ക് മടങ്ങി ജോസ്

അത്യാഹിതവിഭാഗത്തില്‍ ,യന്ത്രസഹായത്തോടെ  സിപിആര്‍ നല്‍കി ആവര്‍ത്തിച്ച് ഹൃദയസ്തംഭനമുണ്ടായ യുവാവിനെ രക്ഷിച്ച് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. ശസ്ത്രക്രിയാ സമയത്തുണ്ടാകുന്ന ഹൃദയസ്തംഭനത്തെ അതിജീവിക്കാനുപയോഗിക്കുന്ന എക്മോ എന്ന ഉപകരണം രാജ്യത്തിതാദ്യമായാണ് അത്യാഹിതവിഭാഗത്തിലെത്തിച്ച രോഗിയെ രക്ഷിക്കാന്‍ ഉപയോഗിക്കുന്നത് . ഹൃദയാഘാതമുണ്ടായ കൊച്ചി ചിറ്റൂര്‍ സ്വദേശിയായ ജോസ് ബിജു ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

ടാക്സി ഡ്രൈവറാണ് മുപ്പത്തിമൂന്നുകാരനായ ജോസ് ബിജു . ഈ മാസം ഒന്നാം തിയതി ഒാട്ടത്തിനിടെയാണ് ജോസിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗുരുതര ഹൃദയസ്തംഭനമായി മാറി. ഇത് വഴി  ആസ്റ്റര്‍ മെഡ്്സിറ്റിയിലെ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ ജിത്തുവാണ് കാറിനകത്ത് അബോധാവസ്ഥയില്‍ കിടന്ന ജോസിനെ ആശുപത്രിയിലെത്തിച്ചത്. അത്യാഹിതവിഭാഗത്തിലെത്തിച്ച ശേഷവും ജോസിന് തുടരെ തുടരെ  ഹൃദയസ്തംഭനമുണ്ടായി. ഇതോടെയാണ് എക്മോ തെറാപ്പിയിലൂടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന ചികിത്സാരീതിയായ ഇസിപിആര്‍ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം നടത്തുന്ന യന്ത്രമാണ് എക്മോ. സാധാരണ ഹൃദയ ശസ്ത്രക്രിയ നടത്തിയവരിലും ശ്വാസകോശത്തില്‍ ഗുരുതര അണുബാധയുള്ളവരിലും മാത്രമേ എക്മോ ഉപയോഗിക്കാറുള്ളൂ. 

ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന ജോസിന് അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങാം. കുറച്ച് ദിവസത്തെ വിശ്രമം മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതും. വിദേശരാജ്യങ്ങളില്‍ പോലും അത്യാഹിതവിഭാഗങ്ങളില്‍ വിരളമായാണ് എക്മോ ഉപയോഗിക്കുന്നത്.