കടൽ കടന്ന് ചക്കപ്പെരുമ; ബ്രസീൽ എംബസിയുടെ വിരുന്നിൽ താരമായി ആയുർജാക്ക് ചക്ക

ബ്രസീല്‍ എംബസിയുടെ വിരുന്നിന് ആയുര്‍ ജാക്ക് ചക്കകള്‍ തൃശൂരില്‍ നിന്ന്. അറുപതു കിലോ പഴുത്ത ആയുര്‍ജാക്ക് ചക്കയാണ് ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലേക്ക് അയച്ചത്. വേലൂര്‍ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ചക്കത്തോട്ടത്തില്‍ നിന്നാണ് ബ്രസീല്‍ എംബസി ചക്ക വരുത്തിച്ചത്.

ബ്രസീലിന്‍റെ സ്വാതന്ത്രദിനം പ്രമാണിച്ച് ഡല്‍ഹിയില്‍ ഒരുക്കുന്ന പ്രത്യേക വിരുന്നില്‍ സ്പെഷല്‍ വിഭവമാണ് ആയുര്‍ജാക്ക് ചക്ക. രേഖാമൂലം ചക്ക ആവശ്യപ്പെട്ട് ആയുര്‍ജാക്ക് ചക്കത്തോട്ട ഉടമ വര്‍ഗീസ് തരകന് അറിയിപ്പ് കിട്ടി. 7500 രൂപ ചക്ക അയയ്ക്കാന്‍ ചെലവ് വന്നു. ചക്ക സൗജന്യമായാണ് കൊടുത്തുവിട്ടതെന്ന് വര്‍ഗീസ് തരകന്‍ പറഞ്ഞു. കുറുമാല്‍കുന്നിലെ അഞ്ചേക്കര്‍ ഭൂമിയില്‍ വര്‍ഗീസ് തരകന്‍ ഒരുക്കിയ ആയുര്‍ജാക്ക് ചക്കത്തോട്ടം ഇതിനോടം ഏറെ പ്രശസ്തി നേടി. 

വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ ചക്ക കിട്ടുമെന്നതാണ് പ്രത്യേകത. ഇതിനനുസരിച്ചാണ് കൃഷി ക്രമീകരിച്ചിട്ടുള്ളത്. വറ്റിവരണ്ട കുറുമാല്‍കുന്നില്‍ നിലവില്‍ ജലസമ്പുഷ്ടിയുണ്ടാക്കാന്‍ ഈ ചക്കത്തോട്ടത്തിനു കഴിഞ്ഞുവെന്നതും പ്രത്യേകതയാണ്. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഒട്ടേറെ സര്‍വകലാശാല വിദ്യാര്‍ഥികളും ഈ തോട്ടം സന്ദര്‍ശിക്കാന്‍ ഇതിനോടകം എത്തിയിട്ടുണ്ട്.