കള്ളനെ പിടിക്കാൻ സിസി ടിവി സ്ഥാപിച്ചു; ആ ക്യാമറയും അടിച്ചുമാറ്റി കള്ളൻ മുങ്ങി

സ്കൂളിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻ മോഷ്ടിച്ചതായി പരാതി. കോട്ടയം പുത്തൻപുറത്താണ് സംഭവം. ബ്ലോസം വാലി സ്കൂൾ ഓഫ് ഏയ്ഞ്ചൽസിൽ കഴിഞ്ഞ മാസം മോഷണ ശ്രമം ഉണ്ടായതിനെ തുടർന്നാണ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചത്. എന്നാൽ മോഷണത്തിനെത്തിയ യുവാവ് ക്യാമറകളിൽ ഒന്നുമായി കടന്നുകളയുകയായിരുന്നു. നാല് ക്യാമറകളാണ് സ്കൂൾ അധികൃതർ സ്ഥാപിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണം മുകളിലേക്ക് തിരിച്ച് വയ്ക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

മുഖംമൂടി ധരിച്ചെത്തിയ ചെറുപ്പക്കാരനായ യുവാവിന്റെ ദൃശ്യം പുറത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മോഷണ ശ്രമത്തിനിടയിൽ വാതിലുംകളും അലമാരകളും തകർത്തിട്ടാണ് കള്ളൻ കടന്നുകളഞ്ഞത്. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടയിലാണ് സിസിടിവി മോഷ്ടിച്ച് കള്ളൻ വീണ്ടും തലവേദന സൃഷ്ടിക്കുന്നത്.