വേണ്ടിവന്നത് രണ്ടടി മണ്ണ്; കുഴിയില്‍‍ വച്ച് എസ്ഐ; കണ്ണുനിറഞ്ഞ് പൊലീസുകാർ

ഏറ്റുമാനൂരില്‍ ഇന്നലെ ആരെയും കരയിക്കും കാഴ്ചകളാണ് നടന്നത്. ആൺകുഞ്ഞായിരുന്നു. 45 സെന്റിമീറ്ററായിരുന്നു ആശുപത്രി രേഖകളിൽ ആ കുരുന്നിന്റെ വലുപ്പം. വേണ്ടിവന്നത് രണ്ടടി മണ്ണും. തുണിയിൽ  പൊതിഞ്ഞ് ഹാർഡ് ബോർഡ് പെട്ടിയിലായിരുന്നു ആ പിഞ്ചുദേഹം അത്രയും നേരം. ആറടിയോളം ആഴത്തിൽ കുഴിയെടുത്തപ്പോൾ പൊലീസുകാരുടെ കണ്ണു നിറ‍ഞ്ഞു. തുണിയിൽ പൊതിഞ്ഞ മൃതദേഹം എസ്ഐ അനൂപ് സി. നായർ കുഴിയിൽ വച്ചു.

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നു ഹാർഡ് ബോർഡ് പെട്ടിയുമായി പൊലീസ് ഉദ്യോഗസ്ഥൻ തെള്ളകത്തെ ശ്മശാനത്തിലേക്ക് എത്തിയ രംഗം കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എഎസ്ഐ കെ.സജി, സിപിഒമാരായ പത്മകുമാർ, രജ്ഞിത്ത്, സ്മിജിത്, സുരേഷ് കുമാർ, അഡിഷനൽ എസ്ഐ വിൻസെന്റ് എന്നിവർ മാറി മാറി കുഴി എടുത്തത്. മൃതദേഹത്തിനു വെയിലേൽക്കാതെ ഇരിക്കാൻ നഗരസഭാഗം അനീഷ് വി. നാഥ് കുടയും ചൂടി. ബോക്സിൽ നിന്നു പുറത്തെടുത്ത മൃതദേഹം  എസ്ഐ അനൂപ് സി നായർ കുഴിയിൽ വച്ചത്. 

നവജാതശിശുവിന്‍റെ സംസ്കാരത്തിന് സ്ഥലം വിട്ടുനലാ‍കാതെ പിഞ്ചുശരീരത്തോട് അനീതികീട്ടി ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ ഇടമില്ലെന്ന് പറഞ്ഞ് പൊലീസിനെ അധികൃതര്‍ വട്ടംകറക്കിയത് 36 മണിക്കൂര്‍. മൃതശരീരവുമായി നഗരസഭയ്ക്കുമുന്നില്‍ പ്രതിഷേധിക്കുമെന്ന് എസ്.ഐ പറഞ്ഞിട്ടും കുഴിയെടുക്കാനുള്ള തൊഴിലാളികളെ പോലും നഗരസഭ വിട്ടുനല്‍കിയില്ല. ഒടുവില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍തന്നെ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. 

എന്നാൽ കുട്ടിയെ സംസ്കരിക്കേണ്ടത് ഏറ്റുമാനൂര്‍ നഗരസഭയുടെ ചുമതലയല്ലെന്ന് ചെയര്‍മാന്‍. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണ് നോക്കേണ്ടത്. സംസ്കരിക്കുന്നത് നഗരസഭയുടെ ചുമതലയെന്നായിരുന്നു പൊലീസ് നിലപാട്. ക്രിമറ്റോറിയം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ലെന്നും ചെയര്‍മാൻ പറഞ്ഞു.