ഇന്ന് രാവിലെയും കാൻസറിനെക്കുറിച്ച് പോസ്റ്റ്; പിന്നാലെ മരണം; ലാൽസൺ യാത്രയായി

കാൻസർ രോഗികൾക്ക് എന്നും കരുത്തും ആവേശവും പകർന്ന ലാൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി. അസാധാരണ പോരാട്ടമാണ് അദ്ദേഹം രോഗത്തിനോട് നടത്തിയത്. തൊണ്ടയിൽ കാൻസർ ബാധിച്ചതിനെത്തുടർന്ന് ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. വയറിൽക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നൽകുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഈ ട്യൂബ് വയറിനുള്ളിൽ പോയിരുന്നു. ചികിത്സയുടെ വിവരങ്ങളെല്ലാം ഫെയ്സ്ബുക്കിലൂടെ പലപ്പോഴും ലാൽസൺ പങ്കുവയ്ക്കുമായിരുന്നു.

ശസ്ത്രക്രിയ ചെയ്തു ട്യൂബ് പുറത്തെടുക്കാമെന്ന് ഡോക്ടർമാർ ആദ്യം തീരുമാനിച്ചെങ്കിലും ശരീരം ശസ്ത്രക്രിയ താങ്ങില്ലെന്ന ഉറപ്പുള്ളതിനാൽ സ്വാഭാവിക പ്രക്രിയയിലൂടെ മോഷനിൽക്കൂടി പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഇന്നു രാവിലെ ലാൽസൺ ഇട്ട പോസ്റ്റിൽ ട്യൂബ് പുറത്തെത്തിയ സന്തോഷവും അറിയിച്ചിരുന്നു. " ദൈവത്തിന്റെ വലിയ കാരുണ്യം വയറിനുള്ളിൽ പോയ ട്യൂബ് ഏകദേശം പത്തു മിനിറ്റ് മുൻപ് പുറത്തു വന്നു.ഒഴിഞ്ഞു പോയത് വലിയ ഒരു സർജ്ജറി ആണ് ഏകദേശം ഒമ്പതു സർജ്ജറി ഈ വർഷം തന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സർജ്ജറി കൂടി താങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു പക്ഷെ ഈ ട്യൂബ് ഇങ്ങനെ പുറത്തു വന്നില്ലെങ്കിൽ സർജ്ജറി അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി. എല്ലാറ്റിലും ഉപരി സർവശക്തൻ ദൈവത്തിനോട് നന്ദി നന്ദി നന്ദി. ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും"- അവസാനമായി ഇന്നു രാവിലെ കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ നിന്ന് ലാൽസൺ കുറിച്ചു. 

ഒട്ടേറെ പേരാണ് ലാൽസൺ എന്ന കരുത്തനായ പോരാളിയെ കുറിച്ച് കുറിപ്പുകൾ പങ്കുവച്ചിരിക്കുന്നത്. കാൻസറിനോട് പോരാടുന്ന നന്ദു മഹാദേവയും അദ്ദേഹത്തിന്റെ ഒാർമകളിൽ കുറിപ്പ് പങ്കുവച്ചു. 

നന്ദുവിന്റെ ഒാർമക്കുറിപ്പ് വായിക്കാം:

ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ ശരീര അവയവങ്ങളെക്കാൾ എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു. എനിക്കെന്റെ ലാൽസൻ ചേട്ടൻ. അതൊക്കെ നഷ്ടപ്പെടുമ്പോൾ എനിക്ക് സങ്കടം ഉണ്ടായില്ല. പക്ഷേ ഇത്. എന്ത് ചെയ്താലും മുന്നിൽ നിൽക്കുമായിരുന്നു. ഇപ്പോൾ ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടൻ ഞങ്ങളെക്കാൾ മുന്നിൽ കയറി. ചേട്ടൻ വേഗം തിരിച്ചു വരാൻ വേണ്ടിയാണ് ഞാൻ 1008 പടി കയറി മുരുഖനോട് പ്രാർഥിച്ചത്..

അടക്കാൻ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓർത്തു കരയില്ല ഞാൻ.അത് ആ ആത്മാവിനോട് ഞാൻ കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് ആകും !! 

മരിക്കുന്ന ദിവസമായ ഇന്ന് രാവിലെ പോലും സമൂഹത്തിന് ഊർജ്ജം കൊടുക്കുയാണ് അദ്ദേഹം ചെയ്തത്. ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവൻ .കാരുണ്യത്തിന്റെ മൂർത്തിയായിരുന്നു. കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവൻ. ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്. ശാരീരികമായ വേദനകളെ മാറ്റി 

നിർത്തിയാൽ മരിക്കുന്ന നിമിഷം വരെയും പൂർണ്ണ സന്തോഷവാൻ ആയിരുന്നു അദ്ദേഹം. അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്നേഹം പറയാതെ ലാൽസൻ എന്ന അധ്യായം പൂർണ്ണമാകില്ല. 

അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടൻ. ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.വീണു പോകുമ്പോൾ പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ. പ്രശ്നങ്ങളിൽ പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം. ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു. അതിജീവനത്തിന്റെ സ്നേഹ കരങ്ങൾ. ലോകം മുഴുവൻ എത്തപ്പെടണം എന്നത്. ആ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പിൽ ഈ അവസരത്തിൽ ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു !!

പ്രിയ ലാൽസൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.. പ്രണാമം !!