‘ന്യായീകരിച്ച് നിക്കക്കള്ളി ഇല്ലാതാകുമ്പോൾ തൊണ്ടിമുതൽ തിരികെ’; തുറന്നടിച്ച് ഫിറോസ്

firos-fb-post-jaleel
SHARE

‘തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക. പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക..’ മന്ത്രി കെ.ടി ജലീലിനെയും സർക്കാരിനെയും വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ്.  ബിടെക് പരീക്ഷയ്ക്ക് സ്പെഷല്‍ മോഡറേഷന്‍ നല്‍കിയ വിവാദ നടപടി പിന്‍വലിക്കാന്‍ എം.ജി സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നിട്ടും ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നതിനെയാണ് ഫിറോസ് വിമർശിക്കുന്നത്.  

‘മന്ത്രി ശ്രീ.കെ.ടി ജലീലിന്റെ ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ അദീബ് രാജി വെച്ചത് പോലെ പ്രതിപക്ഷ നേതാവ് കയ്യോടെ പൊക്കിയ മന്ത്രിയുടെ മാർക്ക് ദാനവും ഇപ്പോൾ റദ്ധാക്കിയിരിക്കുന്നു. അദീബ് വാങ്ങിയ ശമ്പളം തിരിച്ചടച്ചത് പോലെ തോറ്റ വിദ്യാർത്ഥികൾ ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങാനും തീരുമാനിച്ചിരിക്കുന്നു.തങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രവർത്തിക്കുക. പിടിക്കപ്പെടുക്കയും ന്യായീകരിച്ച് ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതാവുകയും ചെയ്താൽ മാത്രം തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക. എന്നിട്ട് ഒരുളുപ്പുമില്ലാതെ മന്ത്രിയായി തുടരാൻ അനുവാദം നൽകുക. ഇതിനെയാണ് കേരളത്തിലിപ്പോൾ എൽ.ഡി.എഫ് സർക്കാർ എന്ന് വിളിക്കുന്നത്.’ ഫിറോസ് കുറിച്ചു

125 ബിടെക് വിദ്യാർഥികൾ  മോഡറേഷൻ വഴി വിജയം നേടിയിരുന്നു. നടപടി ക്രമങ്ങളിലെ പിഴവും സർക്കാരിന്റെ അതൃപ്തിയും മൂലമാണ്  മോഡറേഷൻ പിൻവലിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സർവകലാശാലയിൽ നടന്ന അദാലത്തിൽ ഒരു മാർക്ക്  മോഡറേഷന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. അദാലത്ത് നിർദേശം അക്കാദമിക് കൗൺസിലിന്റെ പരിഗണനയിൽ ഇരിക്കെ   സിൻഡിക്കറ്റ് യോഗം ചേർന്ന് 5 മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. പാസ് ബോര്‍ഡ് യോഗം ചേരാതെയുള്ള സിന്‍ഡിക്കറ്റിന്‍റെ തീരുമാനമാണ് വിവാദമായത്.

MORE IN KERALA
SHOW MORE
Loading...
Loading...