രാജ്യസേവനം ഇഷ്ട സ്വപ്നം; ഇനി കാണുമോ എന്നു പോലും ഉറപ്പില്ലെന്ന് പറഞ്ഞു; സ്നേഹാഞ്ജലി

രാജ്യസേവനമായിരുന്നു അവന് ഇഷ്ടവും സ്വപ്നവും, അഭിജിത്തിന്റെ സുഹൃത്ത് നന്ദുവിനു പറഞ്ഞതു മുഴുവിപ്പിക്കാനായില്ല. ‘മെഡിക്കൽ ലീവിൽ വന്നു കഴിഞ്ഞ മാസം തിരികെ പോകുമ്പോ‍ൾ അവൻ പറഞ്ഞിരുന്നു, നല്ല കഷ്ടപ്പാടാണ്, ഇനി കാണാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലെന്ന്. എന്നാൽ ഞങ്ങൾ കൂട്ടുകാർ അതു തമാശയായാണ് കരുതിയത്.’ നന്ദുവിനും മറ്റു സുഹൃത്തുകൾക്കും അഭിജിത്തിന്റെ മരണവാർത്ത ഇപ്പോഴും ഉൾ‌ക്കൊള്ളാനായിട്ടില്ല.

ഒരു മാസം മുൻപു പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്നു മെഡിക്കൽ അവധിയെടുത്താണ് അഭിജിത്ത് വീട്ടിലെത്തിയത്. അബദ്ധത്തിൽ ഷെല്ലുകൾ പൊട്ടിത്തെറിച്ചായിരുന്നു ആ അപകടം. എന്നാൽ പരുക്കേറ്റ വിവരം അഭിജിത്ത് വീട്ടിൽ ആരെയും അറിയിച്ചിരുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തുകളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. അന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ പരുക്ക് അവൻ കാണിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കളെ മിക്കവാറും ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കിടുന്ന ശീലമുണ്ടായിരുന്നു അഭിജിത്തിന്.

എന്നാൽ ഇക്കഴിഞ്ഞ അവധിക്കു വന്നു തിരിച്ചു പോയ ശേഷം വിളിച്ചിരുന്നില്ല. കശ്മീരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ വീട്ടിലേക്കു മാത്രമേ അഭിജിത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ ചെയ്തിരുന്നുള്ളൂവെന്നും സുഹൃത്തുക്കൾ പറയുന്നു. ഏറ്റവുമൊടുവിൽ നന്ദു ഇങ്ങനെ പറഞ്ഞു നിറുത്തി: ദേ, എന്റെ കയ്യിലെ ഈ വാച്ച് പോലും അഭിജിത്തിന്റേതാണ്. അവൻ ഇതെനിക്ക് തന്നിട്ടാണു മടങ്ങിയത്!

അഭിജിത്തിന് നാടിന്റെ സ്നേഹാഞ്ജലി

കശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ട ജവാൻ അഭിജിത്തിന്(22) നാടിന്റെ സ്നേഹാഞ്ജലി. ഔദ്യോഗിക ബഹുമതിയോടെയാണു സംസ്കാരം നടത്തിയത്. പാങ്ങോട് സൈനിക ക്യാംപിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ത്രി കെ.രാജു ഏറ്റുവാങ്ങി. തുടർന്നു സൈന്യത്തിന്റെ തുറന്ന വാഹനത്തിൽ വിലാപയാത്രയായി കൊണ്ടുവന്നു. 

രാവിലെ 9.45നു വിലാപയാത്ര അഭിജിത്തിന്റെ ജന്മനാട്ടിലെത്തി. അഭിജിത്ത് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇടയം ഗവ. എൽപിഎസിലും തുടർന്നു വീടിനടുത്തുള്ള ശ്രീനാരായണ ഹാളിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. ഇവിടെ നിന്നു 10.45നു മൃതദേഹം വീട്ടിലെത്തിച്ചു.