കോകോണിക്സ്; സംസ്ഥാനത്തു നിര്‍മിച്ച ആദ്യ ലാപ്ടോപ്പുകൾ സർക്കാരിന് കൈമാറും

coconics-laptop
SHARE

കേരളത്തിന്റെ സ്വന്തം കോകോണിക്സ് ലാപ്ടോപ്പുകള്‍ അടുത്തയാഴ്ച സംസ്ഥാന സര്‍ക്കാരിന് കൈമാറും. 105 ലാപ്ടോപ്പുകളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി നല്‍കുന്നത്. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെയും ഐടി കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെയും പങ്കാളിത്തമുള്ള കമ്പനിയായ കോക്കോണിക്സ് സംസ്ഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുടെ ആദ്യവില്‍പനയാകും ഇത്.

ഇതാണ് വാണിജ്യാടിസ്ഥാനത്തില്‍ സംസ്ഥാനത്തുനിര്‍മിച്ച ആദ്യ ലാപ്ടോപ്പ്. തിരുവനന്തപുരം മണ്‍വിളയിലെ പ്ലാന്റില്‍ ഇതിനകം രണ്ടായിരത്തോളം ലാപ്ടോപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ 105 എണ്ണമാണ് അടുത്തായഴ്ച കെല്‍ട്രോണ്‍ സര്‍ക്കാരിന് കൈമാറുന്നത്. വില 22896 രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരെണ്ണത്തിന്‍മേല്‍ സര്‍ക്കാരിന് ലാഭം 16000 രൂപ. 12750 ലാപ്ടോപ്പുകള്‍ സര്‍ക്കാരിന് നല്‍കുന്നതിനാണ് കരാര്‍. ബഹുരാഷ്ട്ര കമ്പനിയായ ലെനോവോയെ ടെന്‍ഡറില്‍ മറികടന്നാണ് കോക്കോണിക്സ് കരാര്‍ നേടിയത്. ആദ്യഘട്ടത്തില്‍ നാല് മോഡലുകള്‍ക്കുള്ള ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് കോക്കോണിക്സിന് ലഭിച്ചിട്ടുണ്ട്. 

ഇതില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത മോഡലാണ് സര്‍ക്കാരിന് നല്‍കുന്നത്. എട്ടുമണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന 14 ഇഞ്ച് ലാപ്ടോപ് മോഡലാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരു വിദേശരാജ്യത്തുനിന്നും ഇതിനകം ഓഡര്‍ കോക്കോണിക്സിന് ലഭിച്ചുകഴിഞ്ഞു. പൊതുവിപണിയില്‍ അടുത്തവര്‍ഷം കോക്കോണിക്സ് ലാപ്ടോപ്പ് ലഭ്യമാകും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഇന്റലിന്റെ പങ്കാളിത്തത്തോടെ  മണ്‍വിളയിലെ  പ്ലാന്റില്‍ വച്ച് സംയോജിപ്പിച്ചാണ് ആദ്യഘട്ടത്തില്‍ ലാപ്ടോപ് നിര്‍മാണം. കെല്‍ട്രോണ്‍, കെ.എസ്.ഐ.ഡി.സി, യു.എസ്.ടി ഗ്ലോബല്‍, ആക്സിലറോണ്‍ ലാബ്സ് എന്നിവയ്ക്ക് ഓഹരിഉടമസ്ഥതയുള്ള പൊതു–സ്വകാര്യ പങ്കാളിത്ത കമ്പനിയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...