ആലപ്പുഴ നഗരസഭാഭരണം യു‍ഡിഎഫ് നിലനിർത്തി; ഇല്ലിക്കൽ കുഞ്ഞുമോൻ നഗരസഭാ ചെയർമാൻ

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കടുത്ത വിഭാഗീയത നിലനില്‍ക്കെ, ആലപ്പുഴ നഗരസഭാഭരണം UDF നിലനിർത്തി. കോൺഗ്രസിലെ ഇല്ലിക്കൽ കുഞ്ഞുമോനെ നഗരസഭാ ചെയർമാനായി തിരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥിയേക്കാള്‍ എട്ടുവോട്ടുകള്‍ അധികംനേടിയാണ് വിജയിച്ചത്. BJP കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.

പാര്‍ട്ടിക്കുള്ളിലെ മുന്‍ധാരണപ്രകാരമാണ് തോമസ് ജോസഫ് രാജിവച്ചതും ഇല്ലിക്കല്‍ കുഞ്ഞുമോനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തതും. പക്ഷേ തോമസ് ജോസഫിനോട് രാജിവെയ്ക്കാന്‍ ഡിസിസി നിര്‍ദേശം നല്‍കിയതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രണ്ടുതട്ടിലായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. ഭരണമുന്നണിയിലെ ഭിന്നതകണ്ട് മുന്‍കോണ്‍ഗ്രസ് നേതാവായ ഇപ്പോഴത്തെ സ്വതന്ത്ര അംഗം ബി മെഹബൂബിനെ ഇടതുപക്ഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണച്ചു. ഇരുപത് വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ രണ്ട് പിഡിപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും ഉള്‍പ്പടെ 28 വോട്ടുകള്‍ നേടി കുഞ്ഞുമോന്‍ വിജയിച്ചു

ഗുരുതര ആരോപണങ്ങളുമായാണ് നാല് ബിജെപി അംഗങ്ങള്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്

സ്വതന്ത്രനെ പിന്തുണച്ച് യുഡിഎഫ് ഭരണം അവസാനിപ്പിക്കാനുള്ള ചരടുവലികള്‍ LDF ഉം BJPയും നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് നീക്കം ഉപേക്ഷിച്ചത്.