വിമാന അറ്റകുറ്റപ്പണി യൂണിറ്റിന് 125 കോടിയുടെ വികസനം; ലക്ഷ്യം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനങ്ങൾ

എയര്‍ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ വിമാന അറ്റകുറ്റപ്പണി യൂണിറ്റായ എയര്‍ഇന്ത്യ എന്‍ജീനീയറിങ് സര്‍വീസ് ലിമിറ്റഡില്‍ നൂറ്റി ഇരുപത്തിയഞ്ചു കോടിയുടെ വികസനം വരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ചാക്കയിലെ വിമാന പരിപാലന അറ്റുകുറ്റപ്പണി യൂണിറ്റ് കൂടുതല്‍ വിപുലീകരിക്കുന്നതെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കി. 

പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പൂര്‍ണമായും സര്‍വീസ് ചെയ്ത് പുതിയവിമാനമാക്കുന്ന തിരക്കിലാണ് തിരുവനന്തപുരം മെയിന്‍റനന്‍സ് റിപ്പയര്‍ അഥവ എം.ആര്‍.ഒ യൂണിറ്റിലെ എന്‍ജീനീയര്‍മാര്‍ .എഞ്ചിനും ഉള്‍പ്പടെ അഴിച്ചുമാറ്റി,പുതിയ വിമാനം നിര്‍മിക്കുന്ന പോലെയുള്ള അറ്റകുറ്റപണികളിലാണ് എല്ലാവരും.  ഇതുപോലെ ബോയിങ് 737 ന്റെയും  എയര്‍ബസിന്റെയും രണ്ടു വിമാനങ്ങള്‍ ഓരേ പോലെ അറ്റകുറ്റപ്പണി നടത്താനുള്ള രണ്ടു ഹാങറുകളാണ് ഇവിടെയുള്ളത്. എയര്‍ഇന്ത്യ ,എയര്‍ഇന്ത്യ എക്സ്പ്രസ് എന്നിവ കൂടാതെ സ്പൈസ് ജൈറ്റാണ് അറ്റകുറ്റപണിക്കള്‍ക്കായി കരാര്‍ ഒപ്പിട്ടുള്ളത്. ഗള്‍ഫ് മേഖലകളില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പെട്ടെന്ന് എത്താമെന്നതാണ് തിരുവനന്തപുരത്തേ ആകര്‍ഷകമാക്കുന്നത് 

രണ്ടു വിമാനങ്ങള്‍ ഒരേ സമയം പെയിന്‍ടിക്കാനുള്ള പുതിയ ഹാങര്‍  യൂണിറ്റ്, കൂടുതല്‍ വിമാന ഇന്ധനം ശേഖരിക്കുന്നതിനുള്ള സ്റ്റോര്‍, പുതിയ മെയിന്‍റനന്സ് യൂണിറ്റ് , ക്യാബിന്‍ റിപ്പയര്‍ വിഭാഗം എന്നിവ യാഥാര്‍ഥ്യമാകും. പുതിയ സീറ്റുകളും കോക്ക് പിറ്റും നിലവില്‍ സജ്ജീകരിക്കുന്നുണ്ട്  .നൂറ്റി ഇരുപത്തിയഞ്ചു കോടിയുടെ വികസനം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തായാകുന്നതോടെ മുബൈക്ക് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി യൂണിറ്റായി തിരുവനന്തപുരം മാറും.