ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ; ഒരുങ്ങി തുഞ്ചൻപറമ്പ്

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭനാളില്‍ ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തുക. 

രാവിലെ 4.30ന് തുടങ്ങുന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരുമണിവരെ നീളും. രണ്ട് മണ്ഡപങ്ങളിലായി മുപ്പതിനടുത്ത് ആശാന്മാരാണ് കുരുന്നുകളെ ഹരിശ്രീ എഴുതിക്കുന്നത്. ഒന്നാമത്തെ മണ്ഡപത്തില്‍ എഴുത്താശാന്മാരും, രണ്ടാമത്തതില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുമാണ് തുഞ്ചന്റെ മണ്ണില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുക.

എഴുത്തിനിരുത്താന്‍ മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമില്ല. നാലായിരത്തോളം കുരുന്നുകള്‍ തുഞ്ചന്‍പറമ്പില്‍ ആദ്യാക്ഷരംകുറിക്കാനെത്തുമെന്നാണ് വിലയിരുത്തല്‍.