പ്ലാസ്റ്ററിട്ട കയ്യുമായി ഡ്യൂട്ടിക്കെത്തിയ നഴ്സിനെ അധിക്ഷേപിച്ചു; ഡോക്ടർക്കെതിരെ പരാതി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്സിനെ ഡോക്ടര്‍ അധിഷേപിച്ചതായി പരാതി.  ഓലത്താന്നി സർക്കാർ ആശുപത്രിയിലെ നഴ്സ് ആശയെയാണ് ഡോക്ടർ ലിനി അധിക്ഷേപിച്ചത്. ലിനിക്കെതിരെ ആശ പരാതി നൽകി. മാനസിക സംഘർഷത്തെത്തുടർന്ന് ആശുപത്രിയില്‍ കുഴഞ്ഞുവീണ ആശയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വീടിനുള്ളിൽ തെറ്റിവീണതിനെത്തുടർന്നാണ് ആശയുടെ കയ്യൊടിഞ്ഞത്. രണ്ടുദിവസമായി പ്ലാസ്റ്ററിട്ട കയ്യുമായാണ് ആശ ഡ്യൂട്ടിക്കെത്തുന്നത്. ഫാര്‍മസിയിലെ ജീവനക്കാരി അവധിയായതിനാലാണ് ബുദ്ധിമുട്ട് വകവയ്ക്കാതെ ഇവർ ആശുപത്രിയില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രോഗിയുടെ ബിപി പരിശോധിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

കയ്യിൽ പ്ലാസ്റ്റർ ഉള്ളതിനാൽ ബിപി പരിശോധിക്കാൻ കഴിയില്ലെന്ന് ആശ പറഞ്ഞു. ഇതോടെ ആശയെ പരസ്യമായി ലിനി അധിക്ഷേപിച്ചു. തോടെ മാനസിക സംഘർഷത്തിലായ ആശ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ നഴ്സിന്റെ പരാതിയില്‍ കഴമ്പില്ലെന്നും, സുഖമില്ലെങ്കിൽ ലീവെടുത്ത് പോകാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടതെന്നും കെജിഎംഓഎ അറിയിച്ചു.