അതിജീവനത്തിന്റെയും ഒരുമയുടെയും നല്ലകാഴ്ചകള്‍ പകർന്ന് ഒാണംവാരാഘോഷത്തിന് സമാപനം

അതിജീവനത്തിന്റെയും ഒരുമയുടെയും നല്ലകാഴ്ചകള്‍ പകര്‍ന്ന് സാംസ്കാരിക ഘോഷയാത്രയോടെ തിരുവനന്തപുരത്ത്  ഒാണംവാരാഘോഷത്തിന് സമാപനം.  കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര വിവിധ സംസ്കാരങ്ങളുടെ സംഗമം കൂടിയായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാര്‍ തുടങ്ങിപ്രമുഖര്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ ഘോഷയാത്ര ആസ്വദിച്ചു.

മാനവീയം വീഥിയില്‍ ഗവര്‍ണര്‍ കൊടികാട്ടിയതോടെ സാംസ്കാരിക ഘോഷയാത്ര തുടങ്ങി.കനക്കുന്ന് മ്യൂസിയം പരിസരം പാളയം സ്റ്റാച്ചു തുടങ്ങിയ കിഴക്കേക്കോട്ടവരെ പ്രധാനവീഥിക്ക് ഇരുവശവും പതിനായരക്കണക്കിനാളുകള്‍ക്ക് ആനന്ദമായി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. പ്രളയ പുനരധിവാസവും പ്രകൃതിസംരക്ഷണവുമായിരുന്നു നിശ്ചലദൃശ്യങ്ങളുടെ ആശങ്ങളില്‍ ഏറെയും. ബഹിരാകാശനേട്ടങ്ങള്‍ വിവരിച്ച് ഐ.എസ്.ആര്‍.ഒയും  മറ്റ് കേന്ദ്രസ്ഥാപനങ്ങളും അണിനിരന്നു

കേരളീയ കലാരൂപങ്ങളില്‍ ഒാട്ടന്‍തുള്ളല്‍, ദഫ്മുട്ട്, പരിചകളി, ഒപ്പന, വേല്‍കളി, തെയ്യം, തിറ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടിരുന്നു. രാജസ്ഥാനിലെ ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ , പഞ്ചാബിന്റെ ബംഗറ, മഴദേവതയെ സ്തുതിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകയിലെ ഡോൽ കുനിത , മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ ,തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു  എന്നിവയും പുതുമപകര്‍ന്നു. 

യൂണിവേഴ്സിറ്റി കോളജിനു മുന്നിലായി പ്രത്യേകം സജ്ജീകരിച്ച വേദിയിലിരുന്നാണ് ഗവര്‍ണറും മുഖ്യമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ക്ഷണിതാക്കളായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഘോഷയാത്ര ആസ്വദിച്ചത്. ഓണം വാരാഘോഷം സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയില്‍ മികവു പുലര്‍ത്തിയ ടീമുകള്‍ക്കുള്ള സമ്മാനദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു