നിപയെ തുരത്താൻ സ്ഥിരം ജാഗ്രത വേണം; നിരീക്ഷണം തുടരാനും കേന്ദ്രം

നിപയെ പ്രതിരോധിക്കാന്‍ കേരളത്തില്‍ സ്ഥിരം ജാഗ്രതസംവിധാനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിപ വൈറസ് പടര്‍ത്തുന്ന പഴംതീനി വവ്വാലുകളെ മൃഗസംരക്ഷണ വകുപ്പിന്റേയും വന്യജീവി വിഭാഗത്തിന്റേയും സഹായത്തോടെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കത്തിന്റ അടിസ്ഥാനത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. 

രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണ നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റ നിര്‍ദേശം. നിപ വൈറസ് പടര്‍ത്തുന്ന പഴംതീനി വവ്വാലുകള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ മൃഗസംരക്ഷണവകുപ്പിന്റേയും വന്യജീവി വിഭാഗത്തിന്റേയും സഹായത്തോടെ കണ്ടെത്തണം. ഇവയെ തുടര്‍ച്ചയായി നിരീക്ഷിക്കണം. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണം. ഇടുക്കി തൃശൂര്‍ ജില്ലകളില്‍ ഇവ കൂടുതലായുണ്ടെന്ന് കണ്ടെത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളിലും പരിശോധന നടത്തണം.

രോഗം സ്ഥിരീകരിച്ച രണ്ടുതവണയും വവ്വാലുകളാണ് വൈറസ് പടര്‍ത്തിയതെന്നാണ് അനുമാനം.  മസ്തിഷ്ക ജ്വരം ഉള്‍പ്പടെ  നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള രോഗാവസ്ഥകളെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും നിര്‍ദേശമുണ്ട്. ജൂലൈയിലാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച കത്ത് അയച്ചത്. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഒാഫീസര്‍മാരോട് ആവശ്യപ്പെട്ടു. മൃഗസംരക്ഷണവകുപ്പിന്റേയും  വനംവകുപ്പിന്റേയും സഹായവും തേടിയിട്ടുണ്ട്.