യുവാവിനെ കള്ളക്കേസില്‍ കുടുക്കി; നാല് ദിവസത്തോളം കസ്റ്റഡിയിൽ മര്‍ദിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം വെള്ളറടയില്‍ യുവാവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് നാല് ദിവസത്തോളം കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച ശേഷം.  ചികിത്സ രേഖകള്‍ കസ്റ്റഡി മര്‍ദനം വ്യക്തമാക്കുന്നതായി  മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിമാന്‍ഡ് ചെയ്യാനായി സി.ഐയുടെ നേതൃത്വത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖകളെന്നും കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന്.

വെള്ളറട സ്വദേശി റെജിനെയാണ് മോഷണക്കേസില്‍ കുടുക്കി 21 ദിവസത്തോളം ജയിലിലടച്ചത്. ആളുമാറിയുള്ള അറസ്റ്റ് എന്നതിന് അപ്പുറം അനധികൃതമായി കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച ശേഷം റെജിന്റെ മേല്‍ മോഷണക്കുറ്റം അടിച്ചേല്‍പ്പിക്കുകയാണ് പൊലീസ് ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ട്.. 2017 ഒക്ടോബര്‍ ഏഴിനാണ് പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് റെജിന്‍ വെള്ളറട സ്റ്റേഷനിലെത്തിയത്. അതിന് ശേഷം റെജിനെ പുറത്തേക്ക് വിട്ടിട്ടില്ലെന്ന് പഞ്ചായത്ത് മെബറടക്കം മൊഴി നല്‍കുന്നു.  11 ാം തീയതി വരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മാറിമാറി താമസിപ്പിച്ച് മര്‍ദിച്ചു. ജയിലിലിരിക്കെ നടത്തിയ ചികിത്്സയുടെ രേഖകള്‍ മര്‍ദിച്ചൂവെന്നതിന് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ ഉറപ്പിക്കുന്നു.

7ന് കസ്റ്റഡിയിലെടുത്ത റെജിനെ 11ന് പുലര്‍ച്ചെ കാരക്കോണത്ത് പിടിയിലായെന്ന പേരില്‍ സ്റ്റേഷന്‍ രേഖകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് ഗൂഡാലോചനയുടെ തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.  നിയമലംഘനം നടത്തിയ അന്നത്തെ സി.ഐ ജി. അജിത്കുമാര്‍, എസ്.ഐ. T. വിജയകുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പൊലീസുകാരുടെ പങ്ക് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ശുപാര്‍ശയും മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നു.