ഹൗസിങ് ഫിനാൻസ് ലിമിറ്റഡിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതിപ്രളയം

സ്വകാര്യ പണമിടപാടു സ്ഥാപനമായ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതിപ്രളയം. സംസ്ഥാന പൊലീസ് മേധാവി പത്തനംതിട്ടയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡിനെതിരെ വ്യാപക പരാതി ഉയര്‍ന്നത്. സാമ്പത്തിക തട്ടിപ്പും  ഗാർഹിക പീഡനക്കേസുകളുമായി എത്തിയവരും നിരവധിയായിരുന്നു.

നിക്ഷേപകരും ഏജന്റുമാരും അടക്കം കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡിനെതിരെ 100 പേർ  ഡിജിപിക്ക് പരാതി നല്‍കി. കെഎച്ച്എഫ്എൽ എന്നറിയപ്പെടുന്ന സ്ഥാപനം കോടിക്കണക്കിനുരൂപ നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തെന്നും ആർക്കും പണം തിരികെ നൽകിയില്ലെന്നും പരാതിക്കാർ പറഞ്ഞു. അദാലത്തില്‍ ആകെ എത്തിയത് 218പരാതികളായിരുന്നു. അദാലത്തില്‍ സാമ്പത്തിക തട്ടിപ്പും  ഗാർഹിക പീഡനക്കേസുകളും അധികമായി എത്തി . വിവാഹ മോചനം, ജീവനാംശം നൽകാതിരിക്കൽ, എന്നി പരാതികളുമായെത്തിയതും നിരവധിയാണ്.

പൊലീസ് സ്റ്റേഷന്‍, ഡി.വൈ.എസ്.പി ഓഫീസ്, എസ്.പി.ഓഫീസ് എന്നിവിടങ്ങളില്‍ ലഭിച്ച പരാതികളില്‍ വിശദമായഅന്വേഷണം നടത്തി പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തയാറാക്കി ടോക്കണ്‍ നമ്പറും ഇട്ടാണ് പരാതിക്കാര്‍ക്ക് ഡി.ജി.പിയെ കാണാന്‍ അവസരം നല്‍കിയത്.