പർദ്ദ ധരിച്ച് പ്രസവവാർഡിൽ; സ്ത്രീകള്‍ ബഹളം വച്ചപ്പോള്‍ കടന്നു; പൊലീസുകാരന് സസ്പെൻഷൻ

പർദ ധരിച്ച് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാർഡിൽ കയറിയ പോലീസുകാരനെതിരെ കേസെടുത്തു. കുളമാവ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന നൂർ സമീർ എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഇയാളെ സസ്പെൻഡ് ചെയ്തു. 

വെള്ളി രാത്രി എട്ടിനായിരുന്നു സംഭവം. പർദ ധരിച്ച് പ്രസവ വാർഡിലേക്ക് കയറിയ ഇയാളെ ഒരു കൂട്ടിരിപ്പുകാരനാണ് തിരിച്ചറിഞ്ഞത്. ബഹളം വെച്ചപ്പോൾ ഇയാൾ ഇറങ്ങിയോടിയെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു നിർത്തി. എന്നാല്‍ പോലീസുകാരനാണെന്ന് പറഞ്ഞ് ഇയാൾ കുതറിയോടി രക്ഷപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗങ്ങളെന്നു ഭീഷണിപ്പെടുത്തി കഞ്ചാവു വിൽപ്പനക്കാരനിൽ നിന്നു 96,000 രൂപ തട്ടിയെടുത്ത കേസിൽ നൂർ സമീറിനെ കൂടാതെ, പൊലീസുകാരായ മുജീബ് റഹ്മാൻ, സുനീഷ് കുമാർ എന്നിവരെ 2017 ജനുവരിയിൽ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. ഇതെത്തുടർന്നു സസ്പെൻഷനിലായിരുന്ന മൂവരെയും അടുത്തിടെയാണു തിരിച്ചെടുത്തത്. മുൻപും സർവീസിൽ  അച്ചടക്ക നടപടി നേരിട്ടതിനാൽ വിശദമായി അന്വേഷണം നടത്തി  സർവീസിൽ നിന്നും പിരിച്ചു വിടുന്ന നടപടി വരെ പരിശോധിക്കുമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.