മകനെ കൊന്നവര്‍ അന്ന് ചിരിച്ചുനിന്നു; അതുകണ്ട് ഉള്ളുനീറി കെവിന്റെ അമ്മ: കണ്ണീര്‍

ഇരട്ട ജീവപര്യന്തവും പേറി ഇൗ പത്തംഗ കൊലയാളി സംഘം കരഞ്ഞുകൊണ്ട് ജയിലിലേക്ക് മടങ്ങി. ചിരി നിറഞ്ഞ അവരുടെ മുഖത്ത് നിന്ന് കണ്ണീർ പൊടിഞ്ഞപ്പോൾ നീതി കിട്ടിയത് ഇൗ അമ്മയ്ക്കാണ്. കാരണം വിചാരണ സമയത്തെ പ്രതികളുടെ ചിരി ഇൗ ഉള്ള് പൊള്ളിച്ചിരുന്നു. ‘നീനു മൊഴി നൽകാൻ പോയ ദിവസം കൂടെ ഞങ്ങളും കോടതിയിൽ പോയിരുന്നു. ചിരിച്ചുനിൽക്കുന്ന പ്രതികളുടെ മുഖം കണ്ടപ്പോൾ ഹൃദയം നൊന്തു. മറ്റൊരു അമ്മയ്ക്കും ഇനി ഇങ്ങനെയൊരു വേദനയുണ്ടാകരുത്...’ കെവിൻ പി.ജോസഫിന്റെ അമ്മ മേരിയുടെ വാക്കുകളാണിത്.  നിയമത്തിലെ പഴുതുകൾ തുണയാകും എന്ന പ്രതികളുടെ ഉറച്ച വിശ്വാസത്തിന്റെ ചിരിയാണ് ഇന്ന് ഇരട്ട ജീവപര്യന്തത്തിലൂടെ കരച്ചിലിന്റെ വക്കിലെത്തിയത്. 

വിചാരണ സമയത്തെല്ലാം ചിരിക്കുന്ന മുഖത്തോടെയായിരുന്നു പ്രതികൾ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിയിരുന്നത്. കേസിലെ ഇരയും പ്രധാന സാക്ഷിയുമായ കെവിന്റെ സുഹൃത്ത് അനീഷ് സെബാസ്റ്റ്യനെ തെറ്റിദ്ധരിപ്പിക്കാൻ ഒരേപോലെ മുടിവെട്ടി, വെള്ള വസ്ത്രം ധരിച്ചെത്തിയ പ്രതികളുടെ നീക്കങ്ങളും പക്ഷേ ഫലം കണ്ടില്ല. റെക്കോർഡ് വേഗത്തിലായിരുന്നു കെവിൻ കൊലക്കേസിൽ അന്വേഷണവും വിചാരണയും. 85 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 448 ദിവസത്തിനുള്ളിൽ വിധി പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. 

ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വേനൽക്കാല അവധി 10 ദിവസമാക്കി ചുരുക്കി. 11നു പകരം ദിവസവും 10നു വിചാരണ ആരംഭിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയന്റെ നേതൃത്വത്തിൽ 113 സാക്ഷികളെ മൂന്നു മാസത്തിനുള്ളിൽ വിസ്തരിച്ചു. ആറു സാക്ഷികൾ മാത്രം കൂറുമാറി. മുഖ്യമന്ത്രിക്ക് പൊലീസ് അകമ്പടി പോയതിനാലാണ് കേസ് വൈകിയതെന്ന വിവാദവും പ്രതികളിൽ നിന്ന് പൊലീസ് കൈക്കൂലി വാങ്ങിയതും കേസ് വൈകിയതും അട്ടിമറിക്കാൻ ശ്രമം ഉണ്ടായതും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചതുമൊക്കെ കെവിൻ കൊലക്കേസിനെ രാജ്യ ശ്രദ്ധയിലെത്തിച്ചു.

കേസിലാകെ 10 പ്രതികൾ: 

ഒന്നാം പ്രതി – സാനു ചാക്കോ (26) – നീനുവിന്റെ സഹോദരൻ

രണ്ടാം പ്രതി – നിയാസ്മോൻ (ചിന്നു 23). ചാക്കോയുടെ ഭാര്യ രഹ്നയുടെ മൂത്ത സഹോദരന്റെ മകൻ.

മൂന്നാം പ്രതി – ഇഷാൻ (20) – നിയാസിന്റെ പിതാവ് നാസിറുദ്ദീന്റെ വളർത്തുപുത്രൻ. റിയാസിന്റെ ബന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി.

നാലാം പ്രതി – റിയാസ് (26) – നീനുവിന്റെ അമ്മാവന്റെ മകൻ. 

അഞ്ചാം പ്രതി–  മനു മുരളീധരൻ (26) ഓട്ടോ ഡ്രൈവർ. നിയാസിന്റെ സുഹൃത്ത്.

ആറാം പ്രതി – ഷിഫിൻ (27) 

ഏഴാം പ്രതി – എൻ.നിഷാദ് (24) 

എട്ടാം പ്രതി – ടിറ്റു ജെറോം (24) കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചു. നിയാസിന്റെ സുഹൃത്ത്.

ഒൻപതാം പ്രതി– ഫസിൽ. 

പത്താം പ്രതി– ഷാനു.