മകന്‍ ജീവിതം മുഴുവന്‍ ജയിലില്‍; ചാക്കോ പുത്രദുഖം അറിയും: അനീഷ്

കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. 40,000 രൂപ പിഴയും അടയ്ക്കണം. കേസ് അപൂർവത്തിൽ അപൂർവമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.  വിധിയെക്കുറിച്ച് പ്രധാനസാക്ഷികളിലൊരാളും കെവിന്റെ ഉറ്റസുഹൃത്തുമായ അനീഷ് സെബസ്റ്റ്യൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിച്ചു:

പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. മരണത്തിന് തുല്യമായ അവസ്ഥ തന്നെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കണം. നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു. എന്നാൽ അയാൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് തടവിനേക്കാൾ വലിയ ശിക്ഷയാണ്. മകൻ ജീവിതകാലം മുഴുവൻ ജയിലിലും ചാക്കോ പുറത്തുംകഴിയുന്നത് ജയിലിൽ ശിക്ഷയേക്കാൾ മനോവേദന നിറഞ്ഞതാണ്. കെവിന്റെ അച്ഛന്റെ പുത്രദുഖം എന്താണെന്ന് ഇനിയെങ്കിലും മനസിലാകും. ഈ വിധി ഇത്തരം ദുരഭിമാനക്കൊല ചെയ്യുന്നവർക്കുള്ള താക്കീത് കൂടിയാണ്.

പ്രതികൾ രൂപം മാറി ഒരേ വസ്ത്രം ധരിച്ച് വന്നതുകൊണ്ടാണ് എനിക്ക് തിരിച്ചറിയാൻ സാധിക്കാതെ വന്നത്. അതോടൊപ്പം എന്റെ കാഴ്ചയ്ക്ക് ചെറിയൊരു പ്രശ്നവുമുണ്ടായിരുന്നു. ഞാനവരെ തിരിച്ചറിയാതെ പോയതുകൊണ്ടാണ് നാലുപ്രതികൾ രക്ഷപെട്ടത്. എന്നാൽ ഇന്ന് വന്ന വിധിയിൽ ഏറെ ആശ്വാസമുണ്ട്.- അനീഷ് പറഞ്ഞു.