‘ആലുവ മണപ്പുറം വെള്ളത്തിനടിയില്‍; ക്ഷേത്രം മുങ്ങി’: ലൈവ് വിഡിയോ കാട്ടി ജൂഡ്

സോഷ്യൽ മീഡിയ നിറയെ ദുരിതപ്പെയ്ത്തിന്‍റെ ചിത്രങ്ങളാണ്. രക്ഷിക്കണമെന്നും സുരക്ഷിതരാണെന്നും കാട്ടി നിരവധി പേരാണ് വിവരങ്ങൾ പങ്കു വയ്ക്കുന്നത്. ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിന്റെ ലൈവ് വിഡിയോയാണ് സംവിധായകൻ ജൂഡ് ആന്റണി പങ്ക് വയ്ക്കുന്നത്. 

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറിയ നിലയിലാണ്. ഇതിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്ക് മുന്‍പ് ജൂഡ് തന്‍റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ചിത്രങ്ങളാണോ എന്ന് നിരവധി പേർ ചോദിക്കുന്നു. ഇതിന് മറുപടിയുമായാണ് ജൂഡ് ആന്റണി നേരിട്ട് ഫെയ്സ്ബുക്ക് ലൈവിൽ എത്തുന്നത്.

ആലുവയിൽ താനിപ്പോൾ നിൽക്കുന്ന ഫ്ലാറ്റിൽ നിന്നെടുത്ത ചിത്രമാണ് ഇതെന്നും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. വിഡിയോയിൽ ആലുവ മണപ്പുറത്തിന്‍റെ ഇപ്പോഴത്തെ ദൃശ്യങ്ങൾ വ്യക്തമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജൂഡ് പറയുന്നുണ്ട്.

ജൂഡിന്റെ വാക്കുകൾ:

‘ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ലാറ്റിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചതും. അത് കഴിഞ്ഞ വർഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവ് വരാൻ തീരുമാനിച്ചത്.’

‘എന്റെ പിന്നില്‍ നിങ്ങൾക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാർത്ത വരാൻ നോക്കി നിൽക്കാതെ ഉണർന്നു പ്രവർത്തിക്കുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടിൽ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.’

‘കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാൻ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങൾ ചെയ്യുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാൻ പ്രാർഥിക്കുക.’