‘പുനരുദ്ധാരണ പാക്കേജ് നടപ്പായാൽ ബിഎസ്എൻഎൽ രക്ഷപ്പെടും’; അരുണ സുന്ദരരാജൻ

കേന്ദ്രസര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കിയാല്‍ ഒരുവര്‍ഷത്തിനകം ബി.എസ്.എന്‍.എല്ലിനു നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ടെലികോം സെക്രട്ടറിയായി വിരമിച്ച അരുണ സുന്ദരരാജന്‍. ഇപ്പോഴും ദന്തഗോപുരത്തിലിരുന്ന് ജോലി ചെയ്യുന്ന സിവില്‍ സര്‍വീസുകാരുണ്ട്. ചെറുപ്പക്കാരായ സിവില്‍ സര്‍വീസുകാര്‍ ആ വഴി ഒരിക്കലും സ്വീകരിക്കരുതെന്നും അരുണ സുന്ദരരാജന്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ടെലികോം മേഖല കുത്തകവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു. പുനരുദ്ധാരണ പാക്കേജും 4ജി സ്പെക്ട്രം അനുവദിക്കലും അടക്കം പൊതുമേഖലാസ്ഥാപനങ്ങളായ ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും ശക്തമായി നിലനില്‍ക്കാന്‍ ആവശ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും. പുതിയ സാങ്കേതികവിദ്യയുമായി വന്നതിനാലാണ് ജിയോക്ക് കുറഞ്ഞനിരക്കില്‍ സേവനം നല്‍കാന്‍ കഴിഞ്ഞത്. മറ്റ് സ്വകാര്യകമ്പനികളും ഈ സാങ്കേതികവിദ്യയിലേക്ക് അതിവേഗം മാറാനുള്ള ശ്രമത്തിലാണ്. 

1982ലാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി സേവനം ആരംഭിക്കുന്നത്. ഫയലിലുള്ളത് സാധാരക്കാരണന്‍റെ ജീവിതമാണെന്ന തിരിച്ചറിവ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന സന്ദേശമാണ് 37 വര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ അരുണയ്ക്ക് നല്‍കാനുളളത്. 

കേരളത്തിന്‍റെ ഐ.ടി. വികസനത്തില്‍ നാഴികക്കല്ലായ പല പ്രവര്‍ത്തനങ്ങള്‍ക്കും ചുമതലവഹിച്ചിട്ടുള്ളയാളാണ് അരുണ സുന്ദരരാജന്‍. 1998ല്‍ ഐ.ടി. വകുപ്പിനു രൂപം നല്‍കിയതുമുതല്‍ ഇന്‍ഫോപാര്‍ക്കും ഫ്രണ്ട്സ് ജനസേവനകേന്ദ്രവും അക്ഷയകേന്ദ്രങ്ങളുമെല്ലാം അരുണ സുന്ദരരാജന്‍റെ സര്‍വീസ് ജീവിതത്തിലെ നിര്‍ണായക ഏടുകളാണ്.