റോഡ് ഉദ്ഘാടനത്തിന് രാഹുൽ എത്തില്ല; ഒടുങ്ങാതെ വിവാദം

വയനാട് മണ്ഡലത്തിലെ റോഡ് ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി രാഹുല്‍ഗാന്ധി വരില്ലെന്നുറപ്പായി. എംഎല്‍എ അയച്ച ക്ഷണക്കത്തിന് അസൗകര്യം അറിയിച്ച് രാഹുല്‍ മറുപടി അറിയിച്ചു. ചട്ടപ്രകാരമാണ് മണ്ഡലത്തിലെ എംപിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് ജോര്‍ജ് എം തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രിയപ്പെട്ട ജോര്‍ജ് എം തോമസ് താങ്കളുടെ ക്ഷണക്കത്ത് കിട്ടി, ചില അപ്രതീക്ഷിത തിരക്കുകളുള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല,രാഹുലിന്റെ മറുപടിയുടെ ചുരുക്കമാണിത്, പക്ഷെ ഇതോടെ വിവാദം തീരുന്നില്ല. രാഹുലിന്റെ അനുവാദമില്ലാതെ ഫ്ലക്സിലും നോട്ടീസിലും പേരും പടവും വെച്ചതിലാണ് കോണ്‍ഗ്രസുകാരുടെ പരാതി. കേന്ദ്രഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനത്തിന് എംപിയെ ക്ഷണിക്കണമെന്ന ചട്ടമുണ്ടെന്ന് ജോര്‍ജ് എം തോമസ് മറുപടി പറയുന്നു

കോണ്‍ഗ്രസുകാരുടെ ആരോപണങ്ങള്‍ വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അദേഹം കുറ്റപ്പെടുത്തി. ഇതൊക്കെയാണെങ്കിലും മണ്ഡലത്തില്‍ രാഹുല്‍ ഇടക്ക് വരണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പ്രാദേശികപരിപാടിക്ക് ക്ഷണിച്ച് രാഹുല്‍ഗാന്ധിയെ തിരുവമ്പാടി മണ്ഡലം എംഎല്‍എ ജോര്‍ജ് എം തോമസ്  മനപ്പൂര്‍വ്വം അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി റോഡ് ഉദ്ഘാടനം ചെയ്യുന്ന  ചടങ്ങിലേക്കാണ് രാഹുല്‍ ഗാന്ധിയെ എംഎല്‍എ ക്ഷണിച്ചത്.