വറുതിയുടെ തീരത്ത് മത്സ്യത്തൊഴിലാളികൾ; മുടക്കുമുതൽ പോലും തിരികെയില്ല

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിക്കാന്‍ 20 ദിവസം ബാക്കി നില്‍ക്കെ വറുതിയുടെ തീരത്താണ് മത്സ്യത്തൊഴിലാളികള്‍. ചെറുവള്ളങ്ങള്‍  കടലില്‍ പോകുന്നുണ്ടെങ്കിലും മുടക്കുമുതല്‍ പോലും മടക്കി ലഭിക്കുന്നില്ലെന്നാണ് പരാതി. കാലാവസ്ഥ വ്യതിയാനം മൂലം മത്സ്യലഭ്യതയിലുണ്ടായ കുറവും തിരങ്ങളെ വറുതിയിലാക്കുന്നു.

വലിയ ബോട്ടുകള്‍ക്ക് കടലില്‍ വിലക്കേര്‍പ്പെടുത്തുന്ന ട്രോളിങ്ങ് നിരോധനകാലം ചെറുവള്ളങ്ങൾക്ക് മത്സ്യസമൃദ്ധിയുടെ ചാകരക്കാലമാണ്. എന്നാൽ ഈ വർഷം വള്ളത്തിൽ പോകുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളോടും കടലമ്മ മുഖം തിരിക്കുകയാണ്. ഒരുവട്ടം കടലിൽ പോയി വരാൻ ശരാശരി 25000 രൂപവരെയാണ് ചെലവ്. പലപ്പോഴും കാര്യമായ കോളൊന്നുമില്ലാതെയാണ് വള്ളങ്ങളുടെ മടക്കം. അതുകൊണ്ടു തന്നെ  ഇന്ധന ചെലവ് പോലും കണ്ടെത്താനാകാതെ പാടുപെടുകയാണ് മത്സ്യത്തൊഴിലാളികള്‍. മഴക്കാലമെത്തുന്നതോടെ ശക്തമായ തിരിയിളക്കത്തിൽ അടിത്തട്ടിലെ ചളി ഉയര്‍ന്ന് കിലോമീറ്ററുകൾ വ്യാപിക്കും, ഇതോടെ ഇവിടേക്ക് മത്സ്യങ്ങൾ കൂട്ടത്തോടെയെത്തും ഇതാണ് ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങള്‍ക്ക് തുണയാകാറുള്ളത്. എന്നാല്‍ ഇക്കുറി മഴക്കുറവ് കാരണം ഈ പ്രതിഭാസം കാര്യമായുണ്ടായില്ല.

മത്സ്യകച്ചവടക്കാരേയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. വലക്കാര്‍ എത്തിച്ചു നൽകുന്ന ചെറിയ ചെമ്മീൻ ഉണക്കി വിറ്റാണ് തീരദേശത്തെ സ്ത്രീകൾ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. കലമ്മ കനിയാതയതോടെ ഇതും നിലച്ചു. സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.