സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയിലേക്കു വീണു: നടുക്കമുളവാക്കി ദൃശ്യങ്ങള്‍

ബൽത്തങ്ങാടി: സെൽഫി എടുക്കുന്നതിനിടെ പാറപ്പുറത്തു നിന്ന് 150 അടി താഴ്ചയിലേക്കു വീണ യുവാവിന്റെ നില ഗുരുതരം. ബൽത്തങ്ങാടി നെരിയയിലെ സതീഷിനാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദക്ഷിണ കന്നഡ – ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ ചാർമാടി ചുരത്തിലെ ബിദിറുത്തലയിൽ ദേശീയപാതയോരത്തെ വെള്ളച്ചാട്ടത്തിനു സമീപം ഞായറാഴ്ചയാണു സംഭവം. പാറപ്പുറത്തു കയറി വെള്ളച്ചാട്ടതിനടുത്തു നിന്നു സെൽഫി എടുക്കവെയാണ് സതീഷ് കാൽ തെന്നി വീണത്.

റോഡരികിൽ വാഹനം നിർത്തി വെള്ളച്ചാട്ടത്തിന്റെ വീഡിയോ പകർത്തിയവർക്ക് ഇയാൾ വീഴുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഴ കനത്തതോടെ വിവിധ ചുരം റോഡുകളിൽ ചെറു വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ അപകട സാധ്യത മനസ്സിലാക്കാതെ സഞ്ചാരികൾ പലരും ഇത്തരം സാഹസങ്ങൾ കാട്ടാറുണ്ട്.